ആറ്റിങ്ങൽ: സൈഡ് നൽകാൻ ഹോൺ മുഴക്കിയ ബൈക്ക് യാത്രക്കാരനെയും രണ്ടര വയസ്സുള്ള മകളെയും ഓട്ടോറിക്ഷ ഡ്രൈവർ മർദ്ദിച്ചതായി പരാതി. കോരാണി ദേവാമൃതത്തിൽ എസ്. ബിജുവാണ് പരാതിക്കാരൻ. കഴിഞ്ഞ മാസം 26 ന് വൈകിട്ട് ആറ്റിങ്ങൽ പാലസ് റോഡിലെ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തായിരുന്നു സംഭവം. ഇതുസംബന്ധിച്ച് ആറ്റിങ്ങൽ പൊലീസിൽ പരാതിപ്പെട്ടപ്പോൾ തനിക്കെതിരെ കേസെടുത്തെന്നും റൂറൽ എസ്.പിക്കു നൽകിയ പരാതിയിൽ ബിജു പറഞ്ഞു.

സ്കൂളിൽ നിന്നു മകളുമായി ബൈക്കിൽ വരുമ്പോൾ, സൈഡ് നൽകാതെ പോയ ഓട്ടോയുടെ പിറകിൽ ഹോൺ മുഴക്കിയത് ഓട്ടോ ഡ്രൈവർക്ക് രസിച്ചില്ല. ഓട്ടോ ഉപയോഗിച്ച് ബൈക്ക് മറിച്ചിടാൻ ശ്രമിച്ചു. അപകടം ഒഴിവാക്കാൻ ബൈക്ക് നിറുത്തിയപ്പോൾ മർദ്ദിച്ചു. മർദ്ദനത്തിൽ മകൾക്കും പരിക്കുണ്ട്. സി.സി .ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്നു പറഞ്ഞപ്പോഴാണ് പൊലീസ് തനിക്കെതിരെ കേസെടുത്തതെന്ന് ബിജു പറഞ്ഞു. സംഭവം സംബന്ധിച്ച് ബാലാവകാശ കമ്മിഷനും പരാതി നൽകി. ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.