
മാവിൻചുവട്ടിൽ മാലയിട്ടുവച്ചിരിക്കുകയാണ് മൺവെട്ടി.പത്മനാഭന്റെ വീട്ടിലെത്തുന്നവർ ആ കാഴ്ച കണ്ട് അതിശയിച്ചുപോകും. അടുത്തുള്ള ക്ഷേത്രത്തിൽ നിന്ന് കിട്ടുന്ന ശിവന് ചാർത്തിയ മാല മൺവെട്ടിയെ അണിയിക്കും. ഒരുനിമിഷം അതിനെ നോക്കി പ്രാർത്ഥിച്ചുനിൽക്കും. അമ്പതുവർഷത്തോളം അച്ഛനുപയോഗിച്ച മൺവെട്ടി. കൂലിവേലക്കാരനായിരുന്നു പിതാവ് കേശവൻ. അദ്ദേഹത്തിന്റെ മൺവെട്ടി സ്പർശിക്കാത്ത മണ്ണും വീടുകളും നാട്ടിൽ അപൂർവം. അഞ്ചു മക്കളെ പഠിപ്പിച്ചതും അവർക്കോരോ ജീവിതം വെട്ടിപ്പിടിച്ചുകൊടുത്തതുമൊക്കെ ഇതേ മൺവെട്ടിയാണ്. വെട്ടും കിളയുമില്ലാതെ കിടന്നാൽ ഭൂമിയുടെ ഹൃദയം പരുഷമായിപ്പോകും. മൺവെട്ടിയുടെ യൗവനവും തുരുമ്പിച്ചുപോകും. അച്ഛന്റെ മൺവെട്ടി സ്തുതി പത്മനാഭന്റെ മനസിൽ ഇപ്പോഴും പച്ചപിടിച്ചുനിൽക്കുന്നു. ഗൾഫിൽ പോയി കാൽനൂറ്റാണ്ട് പത്മനാഭൻ കഷ്ടപ്പെട്ടതും കുടുംബത്തെ കരകയറ്റിയതുമൊക്കെ നാട്ടുകാർ പറയാറുണ്ട്. പത്മനാഭനാകട്ടെ അതൊന്നും ഓർക്കാറില്ല. കാരണം കരകയറിയ പലരുടെയും മനോഭാവം അത്രത്തോളം മാറിയിരിക്കുന്നു.
മൺവെട്ടിയെടുക്കുമ്പോൾ അച്ഛന്റെ ബലിഷ്ഠമായ കൈകൾ പത്മനാഭൻ ഓർക്കും. അമ്മ ചുമന്ന ഭാരങ്ങൾ ചിന്തിച്ചുപോകും. ഗൾഫിൽ കഴിയുമ്പോൾ ഉറക്കത്തിൽ അമ്മയെ സ്വപ്നം കാണാറുണ്ട്. പച്ചമണ്ണുപുരണ്ട കപ്പയും ചുമന്ന് തോർത്തുകൊണ്ടു വിയർപ്പൊപ്പുന്ന അമ്മയെ കണ്ട് പൊട്ടിക്കരയും. ഉണരുമ്പോഴായിരിക്കും അതു സ്വപ്നമാണെന്ന് ചിന്തിക്കുക. ഗൾഫിൽ കൂടെ താമസിച്ചവരും ജോലിചെയ്തവരും സ്വപ്നജീവി പത്മനാഭൻ എന്ന് കളിയാക്കുമായിരുന്നു. ജീവിതം എന്നും സ്വപ്നത്തിലായിരുന്നു. യാഥാർത്ഥ്യത്തിലേക്ക് നടന്നടുക്കാൻ കഴിഞ്ഞില്ല. ആദ്യകാലത്ത് ഗൾഫിൽ നിന്ന് അയച്ച കാശുകൊണ്ട് സഹോദരങ്ങൾ അവരുടെ പേരിൽ വസ്തുവകകൾ വാങ്ങി. നാട്ടിൽ തിരിച്ചെത്തി വളരെ വൈകിയാണ് സ്വന്തം പേരിൽ അധികമൊന്നുമില്ലെന്ന് മനസിലാകുന്നത്.അപ്പോഴൊക്കെ ആശ്വാസം പകർന്നത് അച്ഛനെ ഓർമ്മിപ്പിക്കുന്ന മൺവെട്ടിയായിരുന്നു. പുതിയത് നട്ടുപിടിപ്പിക്കാനും മലിനമായത് കുഴിച്ചുമൂടാനും ഉപയോഗിക്കുന്ന മൺവെട്ടി. വഴിയൊരുക്കാനും വഴിയടക്കാനും അതുവേണം. ചിതയൊരുക്കാനും വേണം മൺവെട്ടി.
പണ്ട് താനയച്ച കാശുകൊണ്ട് റോഡരികിൽ സഹോദരൻ വാങ്ങിയ സ്ഥലം രണ്ടുകോടിക്ക് ഈയിടെ വിറ്റെന്ന് ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞപ്പോഴും പത്മനാഭൻ കുലുങ്ങിയില്ല. സ്വന്തം പേരിലുണ്ടായിരുന്ന വീടും സ്ഥലവും വായ്പയ്ക്ക് ഈടായി സഹോദരിയുടെ മകൾക്ക് നൽകിയപ്പോഴും കുടുംബ സ്നേഹവും വിശ്വാസവും ചതിക്കുമെന്ന് ചിന്തിച്ചില്ല.
അടുത്തകാലത്ത് നടക്കാൻ പറ്റാതെ അവശനായി ആശുപത്രിയിൽ കിടന്നപ്പോൾ ഭാര്യയും മക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ഒരു മിഠായിയോ പേനയോ പോലും സമ്മാനിക്കാൻ കഴിയാത്ത ചില പഴയകാല സുഹൃത്തുക്കളും. കോടീശ്വരനായ ഒരു സഹോദരന്റെ സമീപം സഹായം തേടി മകൻ പോയതും അഞ്ചുകോടിയുടെ ബിസിനസ് സംരംഭത്തിന് ബാങ്കുകൾ കയറിയിറങ്ങുകയാണെന്ന് നിസഹായത പറഞ്ഞതും പിന്നീടാണ് പത്മനാഭൻ അറിഞ്ഞത്. നടക്കാൻ പറ്റാത്ത കാലിന്റെ വേദന അന്നാണ് ശരിക്കും തോന്നിയത്. നന്ദികെട്ടവരുടെ സഹായം തേടുന്നത് ഭിക്ഷയെടുക്കുന്നതിനെക്കാൾ മോശമാണെന്ന് പറഞ്ഞ് പത്മനാഭൻ മകനെ ശകാരിച്ചു. മോശമല്ലാത്തൊരു കിടപ്പാടം. രണ്ടു മക്കൾക്കും സ്വകാര്യ സ്ഥാപനത്തിൽ ചെറിയ ജോലിയുണ്ട്. അതാണ് ആകെയുള്ളത്. ചികിത്സ കഴിഞ്ഞ് ഒന്നു നടക്കാറാകട്ടെ പിന്നെ മൺവെട്ടിക്ക് വിശ്രമം കൊടുക്കില്ല - പത്മനാഭന്റെ വാക്കുകൾ കേട്ട് പഴയകാല സുഹൃത്തുക്കൾ ചിരിച്ചുകൊണ്ട് പറയാറുണ്ട്. പത്മനാഭന്റെ സഹോദരങ്ങൾ അച്ഛനെ മറന്നു. മൺവെട്ടിയേയും. കോടീശ്വരനും പിച്ചക്കാരനും അവസാനം കുഴിവെട്ടാൻ മൺവെട്ടി വേണമെന്ന സത്യവും. കട്ടിലിലിരുന്നുകൊണ്ട് പത്മനാഭൻ മൺവെട്ടിയെ ആരാധനയോടെ നോക്കി. അധികം വാടാത്ത ഒരു മുല്ലമാല മൺവെട്ടിയുടെ ചിരി പോലെ തോന്നി.
ഫോൺ: 9946108220