കാട്ടാക്കട: കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മകളുടെ മുന്നിലിട്ട് പിതാവിനെ മർദ്ദിച്ച സംഭവത്തിൽ ഒളിവിൽ കഴിയുന്ന മൂന്ന് ജീവനക്കാരെ പിടികൂടാനാകാതെ പൊലീസ്. സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കണ്ടക്ടർ എൻ. അനിൽകുമാർ, അസിസ്റ്റന്റ് സി.പി. മിലൻ ഡോറിച്ച് എന്നിവരെയാണ് പിടിയിലാകാനുള്ളത്.
അഭിഭാഷകന്റെ സഹായത്തോടെ ഒളിവിൽ കഴിയുന്ന ഇവർക്കായി പൊലീസും ഷാഡോടീമും ഇന്നലെയും മൂന്ന് സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയതായി ഡിവെ.എസ്.പി അനിൽകുമാർ അറിയിച്ചു. അതേസമയം അറസ്റ്റിലായ രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയശേഷം തിരികെ കോടതിയിൽ ഹാജരാക്കി. ഡ്യൂട്ടി ഗാർഡായ എസ്.ആർ. സുരേഷ് കുമാർ (52), അഞ്ചാം പ്രതി മെക്കാനിക്ക് അജികുമാർ (35) എന്നിവരെയാണ് ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടത്. വ്യാഴാഴ്ച രാവിലെ 11.30ഓടെ കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ഇന്നലെ 11.30ഓടെ കാട്ടാക്കട കോടതിയിൽ ഹാജരാക്കുകയായിരുന്നു.
മർദ്ദനമേറ്റ പ്രേമനൻ കാട്ടാക്കട ഡിവൈ.എസ്.പി ഓഫീസിലെത്തി പ്രതികൾ ആക്രമണ സമയത്ത് ഉപയോഗിച്ചിരുന്ന യൂണിഫോം തിരിച്ചറിഞ്ഞു. പ്രതികൾ ജാമ്യാപേക്ഷ നൽകിയെങ്കിലും ഈ മാസം10ന് പരിഗണിക്കാനായി അപേക്ഷ മാറ്റി.