photo

ശ്രീനാരായണഗുരുവിന്റെ തിരുസന്നിധിയിലേക്കു വ്രതാനുഷ്ഠാനത്തോടും ത്യാഗമനോഭാവത്തോടും കൂടി നടത്തുന്ന യാത്രയാണ് ലക്ഷക്കണക്കിന് ഭക്തരെത്തുന്ന ലോകപ്രസിദ്ധമായ ശിവഗിരി തീർത്ഥാടനം.

ആലുവ അദ്വൈതാശ്രമത്തിൽ വച്ചു 1924ൽ നടന്ന സർവമത സമ്മേളനാന്ത്യത്തിൽ ഗുരു നൽകിയ സന്ദേശത്തിൽ ശിവഗിരിയിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന മതമഹാപാഠശാല (ബ്രഹ്മവിദ്യാലയം) ഉൾപ്പെടുത്തിയിരുന്നു. മഹാസമാധിമന്ദിരത്തിന്റെ പാർശ്വത്തിൽത്തന്നെ ബ്രഹ്മവിദ്യാലയം സ്ഥിതിചെയ്യുന്നു. ഇവിടെ എല്ലാ അന്തർദേശീയ - ഭാരതീയ ദർശനങ്ങളും പാഠ്യവിഷയമാണ്. ഏഴ് വർഷം നീണ്ടുനിൽക്കുന്ന പഠനമാണ് നിഷ്‌‌കർഷിച്ചിരിക്കുന്നത്. 1970 ഡിസംബർ 31ന് അന്നത്തെ ശിവഗിരി മഠാധിപതി ശങ്കരാനന്ദസ്വാമികളാണ് ബ്രഹ്മവിദ്യാലയം ഉദ്ഘാടനം ചെയ്തത്. ബ്രഹ്മവിദ്യാലയത്തിന്റെ കനക ജൂബിലിയാണിപ്പോൾ ആഘോഷിക്കുന്നത്.

ശിവഗിരി തീർത്ഥാടന നവതിയുടെയും ബ്രഹ്മവിദ്യാലയ കനകജൂബിലി ആഘോഷങ്ങളുടെയും ആഗോളതലത്തിലുള്ള ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ഇതുസംബന്ധിച്ച് ഒരു കൊല്ലം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ ശിവഗിരിമഠം ആസൂത്രണം ചെയ്തിരിക്കുകയാണ്. സംസ്ഥാനത്തെ തെക്കൻ മേഖലാ ആഘോഷങ്ങൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളെ ഉൾപ്പെടുത്തി ധർമ്മസംഘം ട്രസ്റ്റ് സന്യാസിവര്യന്മാരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഇന്ന് നടക്കുകയാണ്.

ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് നടപ്പാക്കുന്ന സംരംഭങ്ങൾ വിജയപ്രദമാക്കാൻ പ്രവർത്തിക്കുന്നത് ട്രസ്റ്റിന്റെ ഏക പോഷകസംഘടനയായ ഗുരുധർമ്മ പ്രചാരണസഭയാണ്. ഇതിന്റെ പ്രവർത്തനകേന്ദ്രവും ശിവഗിരി തന്നെയാണ്. ഗുരുദേവ ദർശനങ്ങൾ സമഗ്രമായിപഠിച്ച്, ഗുരുദർശന പ്രചാരണവും, ക്ളാസുകളും നടത്തുകയെന്നതാണ് സഭയുടെ മുഖ്യലക്ഷ്യം. ധർമ്മസംഘത്തിന്റെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവർ തന്നെയാണ് സഭയുടെയും ഭാരവാഹികൾ. സംഘടനാപരമായ ചുമതലകൾ നിർവഹിക്കുന്നത് ട്രസ്റ്റ് നിയോഗിക്കുന്ന ഒരു സന്യാസിവര്യനും കൂടാതെ സഭാ രജിസ്റ്റാറുമാണ്. പതിനെട്ട് വയസ് പൂർത്തിയാക്കിയവർക്കു മറ്റ് നിബന്ധനകൾക്ക് വിധേയമായി അംഗത്വം നൽകും. ഭരണസംവിധാനത്തെ സഹായിക്കുന്നതിന് തിരഞ്ഞെടുക്കപ്പെടുന്ന ഉപദേശകസമിതി, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി, കേന്ദ്രസമിതി, ജില്ലാ - താലൂക്ക് കമ്മിറ്റികൾ കൂടാതെ കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും പ്രവർത്തിക്കുന്ന 2171 യൂണിറ്റ് കമ്മിറ്റികളും നിലവിലുണ്ട്.

ലേഖകന്റെ ഫോൺ: 9567934095