lepto

എലൈസ പരിശോധനയേക്കാൾ മെച്ചം

തിരുവനന്തപുരം : എലിപ്പനി (ലെപ്‌റ്റോ സ്‌പൈറോ‌സി‌സ്‌ ) വേഗത്തിൽ കണ്ടെത്താനുള്ള ആർ.ടി.പി.സി.ആർ പരിശോധന എട്ട് ജില്ലകളിലെ പത്ത് സർക്കാർ ലാബുകളിൽ ആരംഭിച്ചു. ശേഷിക്കുന്ന ആറ് ജില്ലകളിലെ സാമ്പിളുകളും

ഈ ലാബുകളിൽ പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

ബാക്‌ടീരിയ ശരീരത്തിലെത്തി നാല് ദിവസത്തിനകം എലിപ്പനി കണ്ടെത്താൻ ലെപ്‌റ്റോ ആർ.ടി.പി.സി.ആർ പരിശോധനയിലൂടെ കഴിയും.

നിലവിൽ എല്ലാ മെഡിക്കൽ കോളേജുകളിലും പ്രധാന സർക്കാർ ആശുപത്രികളിലും പബ്ലിക് ഹെൽത്ത് ലാബുകളിലും എലിപ്പനി നിർണയത്തിനുള്ള ഐ.ജി.എം എലൈസ പരിശോധന ഉണ്ട്. ബാക്ടീരിയ ശരീരത്തിലെത്തി ഏഴ് ദിവസം കഴിഞ്ഞാലേ ഈ പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കാനാകൂ. ഇത് ചികിത്സ വൈകാൻ കാരണമാകും. ബാക്‌ടീരിയ ശരീരത്തിലെത്തി മൂന്ന് ദിവസമാകുമ്പോഴാകും ലക്ഷണങ്ങളുമായി ആളുകൾ ആശുപത്രിയിലെത്തുന്നത്. അപ്പോൾ ലെപ്റ്റോ പരിശോധന നടത്തിയാൽ മണിക്കൂറുകൾക്കുള്ളിൽ ഫലമറിയാം.

ഇതിന്റെ സാമ്പിൾ കളക്‌ഷൻ മുതൽ സ്വീകരിക്കേണ്ട മാർഗരേഖയും ആരോഗ്യവകുപ്പ് പുറത്തിറക്കി.

ജില്ലകളും ലാബുകളും

തിരുവനന്തപുരം - മെഡിക്കൽ കോളേജ്, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ്

കൊല്ലം - തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ്

ഇടുക്കി, കോട്ടയം, പത്തനംതിട്ട - പത്തനംതിട്ട റീജിയണൽ പബ്ലിക് ഹെൽത്ത് ലാബ്

ആലപ്പുഴ -വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്

എറണാകുളം - റീജിയണൽ പബ്ലിക് ഹെൽത്ത് ലാബ്

തൃശൂർ - മെഡിക്കൽ കോളേജ്

പാലക്കാട്, മലപ്പുറം - കോഴിക്കോട് റീജിയണൽ പബ്ലിക് ഹെൽത്ത് ലാബ്

കോഴിക്കോട് - മെഡിക്കൽ കോളേജ്, റീജിയണൽ പബ്ലിക് ഹെൽത്ത് ലാബ്

വയനാട് - ജില്ലാ പബ്ലിക് ഹെൽത്ത് ലാബ്

കണ്ണൂർ, കാസർകോട് - കണ്ണൂർ റീജിയണൽ പബ്ലിക് ഹെൽത്ത് ലാബ്