ckl

ഉദിയൻകുളങ്ങര: വീടിന്റെ നിർമ്മാണത്തിനായി ചെലവഴിച്ച മുഴുവൻ തുകയും വീട്ടുടമ നൽകിയില്ലെന്ന് ആരോപിച്ച് കരാറുകാരൻ വീടിന് മുന്നിലെ തെങ്ങിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. അരുവിയോട് സ്വദേശിയായ സുരേഷാണ് ചെങ്കലിൽ താൻ പണിത പുതിയ വീടിന് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്നലെ രാവിലെ 9ന് ചെങ്കൽ ജംഗ്‌ഷന് സമീപം വി.കെ. നിവാസ് എന്ന വീടിന് മുന്നിലായിരുന്നു സംഭവം.

സംഭവം ഇങ്ങനെ: കരാർ അടിസ്ഥാനത്തിൽ വീട് നിർമ്മിക്കാൻ സുരേഷിനെ ഏല്പിച്ചിരുന്നു. ആദ്യത്തെ പ്ലാനിൽ കെട്ടിട നിർമ്മാണത്തിന് അനുമതി ലഭിക്കാത്തതിനാൽ രണ്ടാമത് പ്ലാൻ മാറ്റിവരച്ചു. അളവിൽ മാറ്റമുള്ളതിനാൽ തുകയിലും മാറ്റമുണ്ടാകുമെന്ന് പറഞ്ഞിരുന്നതായി കേരളകൗമുദിയോട് സുരേഷ് പറഞ്ഞു. കെട്ടിടംപണി പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വീട് 1600 സ്‌ക്വയർഫീറ്ര് മാത്രമേയുള്ളൂവെന്നു പറഞ്ഞ ഉടമ ബാക്കി കാശ് കൊടുക്കാത്തതിനെ തുടർന്ന് പണി നിറുത്തിവയ്‌ക്കുകയും ചെയ്‌തു.

ഉടമ പാറശാല പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഇരുവിഭാഗത്തെയും വിളിച്ചുവരുത്തി സമവായത്തിലെത്താൻ പൊലീസ് നിർദ്ദേശിച്ചിരുന്നു. തുടർന്ന് വീണ്ടും പണി ആരംഭിച്ചെങ്കിലും പണം നൽകാത്തതിനാൽ സുരേഷ് പാറശാല പൊലീസിലും എസ്.പി ഓഫീസിലുമായി കേസ് നൽകി. കെട്ടിടംപണി പൂർത്തിയാക്കാതെ താക്കോൽ നൽകില്ലെന്ന് പറഞ്ഞതിനാൽ പൂട്ടുകൾ തല്ലിത്തകർത്ത് വീട്ടുടമ ബാക്കി പണികൾ മറ്റ് തൊഴിലാളികളെക്കൊണ്ട് പൂർത്തിയാക്കി താമസം തുടങ്ങിയെന്നാണ് സുരേഷിന്റെ ആരോപണം.
എന്നാൽ പുതിയ വീട് നിർമ്മിക്കുന്നതിനായി 40.45 ലക്ഷം രൂപ നൽകാമെന്നു ഉറപ്പിച്ചിട്ടാണ് സുരേഷിന് പണി നൽകിയത്. എന്നാൽ സുരേഷ് 33 ലക്ഷം രൂപ കൈപ്പറ്റിയെങ്കിലും പണി പൂർത്തിയാകാത്തതുകാരണം പാറശാല പൊലീസിൽ പരാതി നൽകി. പരാതിയിൽ നടപടിയുണ്ടാകാതെ വന്നതോടെ പിന്നീട് പന്ത്രണ്ട് ലക്ഷം രൂപ ചെലവാക്കി മറ്റൊരാളെക്കൊണ്ട് പണി പൂർത്തിയാക്കിയാണ് വീട്ടിൽ താമസം തുടങ്ങിയത്. പണം വാങ്ങിയ ശേഷം കരാറെഴുതാൻ പോലും തയ്യാറാകാതെ 13 മാസത്തോളം വീടുപണി നീട്ടിക്കൊണ്ട് പോയെന്നും കണക്കുപ്രകാരം കാശ് തനിക്ക് തിരികെയാണ് ലഭിക്കാനുള്ളതെന്നും കെട്ടിട ഉടമ വിജയൻ പറയുന്നു.

ബാക്കി തുക നൽകില്ലെന്ന് വിജയൻ പറഞ്ഞതോടെയാണ് നിർമ്മാണത്തിന്റെ രേഖകളുമായി സുരേഷ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പാറശാല പൊലീസും ഫയർഫോഴ്‌സും ചേർന്ന് സുരേഷിനെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും ബാക്കി കിട്ടാനുള്ള തുക കിട്ടിയാലേ ഇറങ്ങൂവെന്ന നിലപാടിലായിരുന്നു ഇയാൾ. തുടർന്ന് പൂവാർ, നെയ്യാറ്റിൻകര, ചെങ്കൽച്ചൂള എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് അംഗങ്ങളും സ്ഥലത്തെത്തി താഴെ സുരക്ഷാവലയം തീർത്തു. ഒരു ലക്ഷം രൂപ ഉടൻ നൽകാമെന്ന കെട്ടിട ഉടമയുടെ ഉറപ്പിനെ തുടർന്ന് 1.45ഓടെ സുരേഷ് ഫയർഫോഴ്സിന്റെ സഹായത്തോടെ താഴെയിറങ്ങി. വിജയനോടും സുരേഷിനോടും സ്റ്റേഷനിലെത്താൻ പാറശാല പൊലീസ് നിർദ്ദേശം നൽകി.