തിരുവനന്തപുരം: ശിവഗിരി തീർത്ഥാടനത്തിന്റെ നവതി ആഘോഷത്തോടനുബന്ധിച്ച് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ എത്തിച്ചേരുന്ന തീർത്ഥാടകർക്ക് ഡിസംബർ 30, 31,ജനുവരി 1 തീയതികളിൽ അന്നദാനം നൽകുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ ശേഖരിക്കാനൊരുങ്ങി വെള്ളാപ്പള്ളി ചാരിറ്റി സെന്റർ. ഡിസംബർ 29ന് രാവിലെ 9ന് എസ്.എൻ.ഡി.പി യോഗം കോലത്തുകര ശാഖാങ്കണത്തിൽ നിന്ന് കലവറ നിറയ്‌ക്കൽ ഘോഷയാത്രയും വിളംബര ജാഥയും ആരംഭിക്കും. പത്രാധിപർ കെ.സുകുമാരൻ സ്‌മാരക തിരുവനന്തപുരം യൂണിയൻ പരിധിയിലുളള ശാഖകളിൽ നിന്നാണ് ഭക്ഷ്യധാന്യങ്ങൾ സമാഹരിക്കുന്നത്. ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അന്നദാനത്തിനുളള ഭക്ഷ്യധാന്യങ്ങൾ ഏറ്റുവാങ്ങും. പരിപാടിയുടെ വിജയത്തിന് പട്ടം കൈലാസ് പ്ലാസയിൽ ചാരിറ്റി സെന്റർ പ്രസിഡന്റ് വി.മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആക്കുളം മോഹനൻ ചെയർ‌മാനും പ്രമോദ് കോലത്തുകര കൺവീനറും കെ.വി.അനിൽകുമാർ കോഡിനേറ്ററുമായി സ്വാഗതസംഘം രൂപീകരിച്ചു. ബീനാജയൻ, എസ്.പ്രസന്നകുമാരി,ജി.ഉഷാകുമാരി എന്നിവരാണ് ജോയിന്റ് കൺവീനർമാർ. ഉപേന്ദ്രൻ കോൺട്രാക്‌ടർ,ചേന്തി അനിൽ,ആലുവിള അജിത്ത്,കടകംപളളി സനൽ എന്നിവരാണ് രക്ഷാധികാരികളെന്ന് സെക്രട്ടറി ജി.സുരേന്ദ്രനാഥൻ അറിയിച്ചു.