മലയിൻകീഴ്: വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ഇന്നലെ 25 പേരെ പേപ്പട്ടി കടിച്ചു.12 വയസുള്ള ആൺകുട്ടി ഉൾപ്പെടെ ആക്രമണത്തിന് ഇരയായി. എല്ലാവരെയും കടിച്ചത് ഒരു നായയാണ്.

മലയം ശിവക്ഷേത്രത്തിന് സമീപത്തെ തോട്ടിൽ കുളിക്കാനെത്തിയ വാമദേവൻനായരുടെ വലതുകാലിലെ ഉപ്പൂറ്റി പേപ്പട്ടി കടിച്ചെടുത്തു. വാമദേവൻനായരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂലമൺ,തുടിപ്പോട്ടുകോണം,ഈഴക്കോട്,പൊറ്റയിൽ എന്നീ വാർഡുകളിലാണ് പേപ്പട്ടി ജനങ്ങളെ ഓടിച്ചിട്ട് കടിച്ചത്. മൂലമൺ ഭാഗത്ത് കാറിൽ നിന്ന് ഇറങ്ങിയ ആളിനെ പാഞ്ഞെത്തിയ നായ കടിക്കുകയായിരുന്നു. ഈഴക്കോട് ഭാഗത്ത് നടന്ന് പോവുകയായിരുന്ന ശരൺകൃഷ്ണയെ (12) പി​റകിലൂടെ എത്തിയാണ് നായ ആക്രമിച്ചത്.

കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടി എത്തുമ്പോഴേക്കും നായ ഒാടി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 7മുതൽ വിളവൂർക്കലിൽ പേപ്പട്ടിയുടെ വിളയാട്ടമായിരുന്നു.വൈകിട്ട് പാലോട്ടുവിള ധാന്യമില്ലിന് സമീപം രണ്ട് പേരെ ഇതേ പട്ടി കടിച്ച് മുറിവേൽപ്പിച്ചു.ഈഴക്കോട് മൂലമൺ കൊമ്പേപേറ്റി വഴിയാണ് പേപ്പട്ടി പാലോട്ടുവിളയിൽ ഇന്നലെ എത്തിയത്.പേപ്പട്ടിയെ പിടികൂടാൻ ശ്രമങ്ങൾ നടത്തിയെങ്കിലും നായ അതിവേഗത്തിൽ ഓടിരക്ഷപ്പെടുകയാണെന്ന് നാട്ടുകാർ പറയുന്നു. വളർത്തുമൃഗങ്ങളെയും ഈ നായ ആക്രമിക്കുകയാണെന്ന് ഇവർ പറയുന്നു.

വ്യാഴാഴ്ച പാലോട്ടുവിളയിൽ സ്ത്രീകൾ ഉൾപ്പെടെ 5 പേരെ പേപ്പട്ടി കടിച്ചു. പേപ്പട്ടിയുടെ ആക്രമണത്തിന് വിധേയരായവരെ മെഡിക്കൽകോളേജ്,ജനറൽ ആശുപത്രി,മലയിൻകീഴ് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും ചില സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.തെരുവ് നായ്ക്കളുടെ ആക്രമണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിളവൂർക്കൽ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് ടി.ലാലി കേരളകൗമുദിയോട് പറഞ്ഞു.