
വർക്കല: കളിവള്ളം പോലുള്ള ക്ലാസ്‌മുറി, കളിച്ചു തിമിർക്കാൻ അതിമനോഹരമായ പാർക്ക്,കാഴ്ചയിൽ കൗതുകമായൊരു പൊതുവിദ്യാലയം. നവീകരിച്ച മുത്താന ഗവൺമെന്റ് എൽ.പി സ്‌കൂളാണ് വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും കൗതുകമാകുന്നത്. പ്രീ പ്രൈമറി കെട്ടിടത്തിന്റെയും കുട്ടികളുടെ പാർക്കിന്റെയും ഉദ്ഘാടനം അഡ്വ. വി.ജോയി എം.എൽ.എ നിർവഹിച്ചു.ചെമ്മരുതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ അദ്ധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് സ്റ്റാഴ്സ് പദ്ധതി പ്രകാരം 10 ലക്ഷം രൂപ ചെലവഴിച്ചാണ് സ്‌കൂളിലെ പ്രീപ്രൈമറി കെട്ടിടം നവീകരിച്ചതും കുട്ടികൾക്കായി മനോഹരമായ പാർക്ക് തയ്യാറാക്കിയതും. ക്ലാസ് മുറികളിൽ കുട്ടികൾക്കായി പ്രൊജക്ടർ ഉൾപ്പെടെയുള്ള സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്.രണ്ടുമുറി കെട്ടിടത്തെ ഹൗസ് ബോട്ട് ആകൃതിയിൽ നവീകരിച്ച് വർക്കല ഉപജില്ലയിലെ മാതൃകാ പ്രീ പ്രൈമറിയായി വിദ്യാലയത്തെ മാറ്റിയ നാട്ടുകാരനായ ആർട്ടിസ്റ്റ് കണ്ണനെ എം.എൽ.എ ഉപഹാരം നൽകി ആദരിച്ചു. ഹെഡ് മാസ്റ്റർ മോഹനദാസ്,ബ്ലോക്ക് മെമ്പർ സുശീലൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജയലക്ഷ്മി,ശശികല,എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ ജവാദ്,പ്രോഗ്രാം ഓഫീസർ റെനി വർഗീസ്, എ.ഇ.ഒ ബിന്ദു,ബ്ലോക്ക് പ്രോഗ്രാം കോ- ഓർഡിനേറ്റർ ദിനിൽ,എസ്.എം.സി ചെയർമാൻ ഷൈൻ തുടങ്ങിയവർ പങ്കെടുത്തു.