തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ ബോധവത്കരണവും ജനകീയ പ്രതിരോധവുമുയർത്തി സർക്കാർ നടപ്പാക്കുന്ന ' നോ ടു ഡ്രഗ്‌സ് ' എന്ന പരിപാടിയുടെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച ലഹരിവിരുദ്ധ സന്ദേശയാത്രയ്‌ക്ക് ആവേശകരമായ പ്രതികരണം. ഇന്നലെ മ്യൂസിയം വാക്ക് വേയിൽ വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്‌ത സന്ദേശയാത്ര അട്ടക്കുളങ്ങര ചാല സെൻട്രൽ സ്‌കൂളിന് മുന്നിലും ശംഖുംമുഖത്തും പരിപാടികൾ അവതരിപ്പിച്ചു.

ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങളിൽ നിന്ന് സിനിമാതാരങ്ങൾ പിന്മാറണമെന്നും അവർ ലഹരി വിരുദ്ധ പ്രചാരണത്തിൽ കൂടുതൽ പങ്കാളിത്തം വഹിക്കണമെന്നും വി.കെ. പ്രശാന്ത് ആവശ്യപ്പെട്ടു. ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, മുരളി ഗോപി, മണിയൻപിള്ള രാജു, അരിസ്റ്റോ സുരേഷ് എന്നിവരുടെ ലഹരി വിരുദ്ധ വീഡിയോ സന്ദേശം ചടങ്ങിൽ പ്രദർശിപ്പിച്ചു. തുടർന്ന് ലഹരിവിരുദ്ധ സന്ദേശവുമായി ന്യൂജെൻ ഗാനങ്ങൾ കോർത്തിണക്കി ' ഷാ ബ്രോസ് ' ടീം ഫ്ളാഷ് മോബും അവതരിപ്പിച്ചു.