തിരുവനന്തപുരം: കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിൽ ഇന്നലെ ചേർന്ന കൗൺസിൽ യോഗം അനുശോചിച്ചു. സമരതീക്ഷ്ണവും സൗമ്യ ദീപ്‌തവുമായ ജീവിതം കൊണ്ട് ജനമനസുകളെ കീഴടക്കിയ രാഷ്ട്രീയ നേതാവായിരുന്നു കോടിയേരിയെന്ന് മേയർ ആര്യാ രാജേന്ദ്രൻ അനുശോചന പ്രസംഗത്തിൽ പറഞ്ഞു.‌

രാഷ്ട്രീയമായി വിമർശിക്കുമ്പോഴും വ്യക്തിബന്ധം നല്ല രീതിയിൽ കോടിയേരി സൂക്ഷിക്കുന്നുണ്ടായിരുന്നെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ എം.ആർ. ഗോപൻ പറഞ്ഞു. മികച്ച രാഷ്ട്രീയ നേതാവാണ് കോടിയേരിയെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് പി. പദ്മകുമാറും വഴികാട്ടിയായ രാഷ്ട്രീയ നേതാവാണെന്ന് സി.പി.ഐ കൗൺസിലർ രാഖി രവികുമാറും എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്‌തിരുന്ന മികച്ച രാഷ്ട്രീയക്കാരനാണെന്ന് ഡെപ്യൂട്ടി മേയർ പി.കെ. രാജുവും അനുസ്‌മരിച്ചു.

ആര്യാടൻ മുഹമ്മദ്, പുനലൂർ മധു, വെങ്ങാനൂർ ഭാസ്‌കരൻ, വടക്കഞ്ചേരി വാഹനാപകടത്തിൽ മരണപ്പെട്ടവർ, തായ്ലൻഡിൽ അക്രമിയുടെ തോക്കിനിരയായി ജീവൻ പൊലിഞ്ഞ കുരുന്നുകൾ എന്നിവരുടെ വിയോഗത്തിലും യോഗം അനുശോചിച്ചു. ഇന്നലത്തെ അജൻഡകൾ പരിഗണിക്കാൻ 11ന് കൗൺസിൽ യോഗം വീണ്ടും ചേരും.