തിരുവനന്തപുരം: പാർട്ടി സമ്മർദ്ദത്തെ തുടർന്ന് നഗരസഭയുടെ ഹൈക്കോടതി സ്റ്റാൻഡിംഗ് കോൺസലായ നന്ദകുമാരമേനോനെ മാറ്റാൻ മേയർ ആര്യാ രാജേന്ദ്രന്റെ നിർദ്ദേശം. ഇതുസംബന്ധിച്ച ചർച്ച ചൊവ്വാഴ്ച ചേരുന്ന നഗരസഭാ കൗൺസിൽ നടന്നശേഷമായിരിക്കും തീരുമാനിക്കുക.

പുതിയ കോൺസലായി സുമൻ ചക്രവർത്തിയെ നിയമിക്കാനാണ് മേയറുടെ നിർദ്ദേശം. 23 വർഷത്തിലധികമായി നഗരസഭ സ്റ്റാൻഡിംഗ് കോൺസലായി പ്രവർത്തിക്കുന്ന നന്ദകുമാരമേനോനെ പാർട്ടിയുടെ സമ്മർദ്ദത്തെ തുടർന്ന് മാറ്റാനുള്ള നീക്കം ഇതിനകം വിവാദമായി. നഗരസഭയുടെ കേസുകളിൽ വലിയ വിജയം കൈവരിക്കാൻ നിലവിലെ കോൺസലിന് കഴിഞ്ഞുവെന്നും ഹൈക്കോടതി കേസുകളിലെ വിശദാംശങ്ങൾ സമയബന്ധിതമായി നഗരസഭയെ അറിയിച്ച് തുടർനടപടികൾ സ്വീകരിക്കുന്ന ആളായിരുന്നുവെന്നുമാണ് വിലയിരുത്തൽ. വരുന്ന കൗൺസിലിൽ പ്രതിപക്ഷം നിയമനം ചർച്ചയാക്കുമെന്നിരിക്കെ ഭൂരിപക്ഷ ബലത്തിൽ പാസാക്കാനാണ് ഭരണപക്ഷ നീക്കം.