തിരുവനന്തപുരം: 10 ദിവസത്തെ നവരാത്രി പൂജയ്ക്കും ഒരു ദിവസത്തെ നല്ലിരിപ്പിനും ശേഷം നവരാത്രി വിഗ്രഹങ്ങളുടെ പദ്മനാഭ പുരത്തേക്കുള്ള മടക്കയാത്ര ഇന്നലെ രാവിലെ ആരംഭിച്ചു. ഘോഷയാത്രയെ വരവേൽക്കാൻ വഴി നീളെ തട്ടം പൂജയും സ്വീകരണങ്ങളും ഒരുക്കിയിരുന്നു. ഞായറാഴ്ച വൈകിട്ടോടെ വിഗ്രഹങ്ങൾ പദ്മനാഭപുരത്തെത്തും. തലസ്ഥാനത്തെ നവരാത്രി പൂജയ്ക്കായി കഴിഞ്ഞ 23 നാണ് തേവാരക്കെട്ട് സരസ്വതിയും വേളിമല കുമാരസ്വാമിയും മുന്നൂറ്റി നങ്കയും പദ്മനാഭപുരത്തു നിന്ന് ഘോഷയാത്രയായി തിരിച്ചത്. വിജയദശമി ദിവസം പൂജാചടങ്ങുകൾ അവസാനിച്ചു വ്യാഴാഴ്ച നല്ലിരിപ്പിനു ശേഷം ഇന്നലെ രാവിലെ പടകശാലയിൽ നിന്ന് സരസ്വതി ദേവിയെ അട്ടക്കുളങ്ങരയിലേക്ക് എഴുന്നള്ളിച്ചു. ആര്യശാല ക്ഷേത്രത്തിൽ നിന്ന് വേളിമല കുമാരസ്വാമിയെയും ചെന്തിട്ട ക്ഷേത്രത്തിൽ നിന്ന് മുന്നൂറ്റി നങ്കയെയും ഈ സമയം അട്ടക്കുളങ്ങരയിലെത്തിച്ചു. മൂന്നു വിഗ്രഹങ്ങളും സംഗമിച്ച ശേഷമാണ് മടക്കയാത്ര തുടങ്ങിയത്.സരസ്വതി ദേവിയെ ആനപ്പുറത്തും മറ്റു രണ്ടു വിഗ്രഹങ്ങളെ പല്ലക്കിലുമാണ് എഴുന്നള്ളിക്കുന്നത്. വെള്ളിയാഴ്ച നെയ്യാറ്റിൻകരയിലും ശനിയാഴ്ച കുഴത്തുറ മഹാദേവ ക്ഷേത്രത്തിലും രാത്രി ഇറക്കി പൂജയ്ക്ക് ശേഷം ഞായറാഴ്ച വിഗ്രഹങ്ങൾ മാതൃക്ഷേത്രങ്ങളിലെത്തും.