പാറശാല: ലേഡീസ് കമ്പാർട്ടുമെന്റുകളിൽ അനധികൃതമായി കയറുന്ന പുരുഷന്മാർ യാത്രക്കാരായ സ്ത്രീകളെ ശല്യം ചെയ്യുന്നതായുള്ള പരാതിയെ തുടർന്ന് പാറശാല റെയിൽവേ സ്റ്റേഷനിലെ റെയിൽവേ പൊലീസ് ട്രെയിനുള്ളിൽ മിന്നൽ പരിശോധന നടത്തി. രാവിലെ പരശുറാം എക്സ്പ്രസിൽ പാറശാല മുതൽ തിരുവനന്തപുരം വരെയുള്ള സമയങ്ങളിൽ ഓരോ ബോഡികളിലും പത്തിന് താഴെ യാത്രക്കാർ മാത്രമേ ഉണ്ടാകാറുള്ളൂ.ഈ തക്കം നോക്കിയാണ് സാമൂഹ്യ വിരുദ്ധർ ഈ കമ്പാർട്ടുമെന്റുകളിൽ കടക്കുന്നത്. ഒറ്റയ്ക്കിരിക്കുന്ന സ്ത്രീകളുടെ അരികിലായി എത്തിയ ശേഷം മൊബൈൽ നമ്പർ ആവശ്യപ്പടുക, മോശമായി പെരുമാറുക, അസഭ്യം പറയുക എന്നിവയാണ് പതിവ്.

ഇതിനെതിരെ എന്തെങ്കിലും എതിർത്ത്‌ പറഞ്ഞാൽ ഭീഷണിപ്പെടുത്തും. വനിതാ യാത്രക്കാരുടെ പരാതിയെ തുടർന്നായിരുന്നു പാറശാല റെയിൽവേ പൊലീസ് മിന്നൽ പരിശോധന നടത്തിയത്. പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.