തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരിൽ ചിലർ ഇപ്പോഴും മുൻഗണനാ റേഷൻ കാർഡ് (പിങ്ക്) കൈവശം വച്ചിരിക്കുന്നതായി ജില്ലാ സപ്ലൈഓഫീസറുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കണ്ടെത്തി.
അനധികൃതമായി കൈവശം വച്ചിട്ടുള്ള മുൻഗണനാ കാർഡുകൾ കൈമാറണമെന്ന് പലതവണ നിർദേശം നൽകിയിട്ടും പാലിക്കാത്തവരെ കണ്ടെത്താനായി പൊതുവിതരണ വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ യെല്ലോ പരിശോധനയിലാണ് സർക്കാർ ഉദ്യോഗസ്ഥരും, ആയിരം ചതുരശ്ര അടിയിൽ കൂടുതൽ വീടുള്ളവരും, നാലു ചക്രവാഹനങ്ങൾ ഉള്ളവരും, വിദേശത്ത് ജോലിയുള്ളവരും അനധികൃതമായി മുൻഗണന റേഷൻകാർഡുകൾ കൈവശം വച്ചിട്ടുള്ളതായി കണ്ടെത്തിയത്.സെപ്തംബർ 18 മുതൽ ഒക്ടോബർ ആറ് വരെ ജില്ലയിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി കൈവശം വച്ചിരുന്ന 108 മുൻഗണനാ കാർഡുകളും ,40 സബ്സിഡി കാർഡുകളും പിടിച്ചെടുത്തു. പരിശോധന തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ സി.എസ്. ഉണ്ണിക്കൃഷ്ണകുമാർ അറിയിച്ചു. പൊതുജനങ്ങൾക്ക് ഓപ്പറേഷൻ യെല്ലോ പദ്ധതിയുമായി സഹകരിക്കാം. ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന 9188527301 എന്ന മൊബൈൽ നമ്പറിലും, 1967 എന്ന ടോൾഫ്രീ നമ്പറിലും വിളിച്ച് വിവരം നൽകാം. വിവരം നൽകുന്ന വ്യക്തിയുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.ജില്ലയിലെ വിവിധ സപ്ലൈ ഓഫീസുകളിലും ഇതുസംബന്ധിച്ച വിവരം നൽകാം. തിരുവനന്തപുരം ജില്ലാ സപ്ലൈ ഓഫീസ് -04712731240, സിറ്റി റേഷനിംഗ് ഓഫീസ് തിരുവനന്തപുരം സൗത്ത് -0471 2461632, സിറ്റി റേഷനിംഗ് ഓഫീസ് തിരുവനന്തപുരം നോർത്ത് -04712365686, താലൂക്ക് സപ്ലൈ ഓഫീസ് തിരുവനന്തപുരം -04712463208, ചിറയിൻകീഴ് -04702622459, നെയ്യാറ്റിൻകര -04712222251, നെടുമങ്ങാട് -04712291415, വർക്കല- 04702612424.