ponmudi

വിതുര: പൊൻമുടിയിൽ തകർന്ന റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ മൂന്നാഴ്ച കൊണ്ട് പൂർത്തീകരിച്ച് തുറക്കാനൊരുങ്ങുന്നു. ഒരാഴ്ച മുൻപ് പെയ്ത കനത്തമഴയിൽ പന്ത്രണ്ടാം വളവിന് സമീപത്തെ റോഡ് തകർന്നതിനെ തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടിരുന്നു. നേരത്തെ മണ്ണിടിച്ചിലുണ്ടായ റോഡിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് വീണ്ടും മണ്ണിടിഞ്ഞത്. റോഡിന്റെ ഭൂരിഭാഗവും ഇടിഞ്ഞുതാഴ്ന്നതോടെ പൊന്മുടി പൂർണമായും ഒറ്റപ്പെട്ട നിലയിലായിരുന്നു. നിലവിൽ ഒരു ബൈക്കിന് കഷ്ടിച്ച് പോകുന്നതിനുള്ള സ്ഥലം മാത്രമാണ് ഉള്ളത്.

കഴിഞ്ഞ മാസമുണ്ടായ ശക്തമായ മലവെള്ളച്ചാച്ചിലിൽ പൊന്മുടി പന്ത്രണ്ടാംവളവിന് സമീപത്ത് റോഡിന്റെ ഒരുവശം ഇടിഞ്ഞുതാഴ്‌ന്നതിനെ തുടർന്ന് പൊന്മുടി റൂട്ടിൽ ബസ് സർവീസ് നിറുത്തിവച്ചിരിക്കുകയായിരുന്നു. ഗതാഗതം നിലച്ചതോടെ തോട്ടം തൊഴിലാളികളും വിദ്യാർത്ഥികളും പ്രതിഷേധവുമായി രംഗത്തെത്തിയതിനെത്തുടർന്നാണ് മന്ത്രിയും എം.എൽ.എയും പ്രശ്‌നത്തിൽ ഇടപെട്ട് റോഡ് ഗതാഗതയോഗ്യമാക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചത്. സെപ്‌തംബർ 18ന് മന്ത്രി പി.എ. മുഹമ്മദ് റിയാസും ഡി.കെ. മുരളി എം.എൽ.എയും പൊന്മുടിയിലെത്തി റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിരുന്നു. നേരത്തേ റോഡ് തകർന്നതിനാൽ കല്ലാർ വരെയാണ് കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയിരുന്നത്. വീണ്ടും റോഡ് തകർന്നതോടെ ദുരന്ത നിവാരണ വകുപ്പും,തഹൽസീൽദാറും,എം.എൽ.എയും,റവന്യു ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരും പൊൻമുടിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും, കല്ലാർ വരെയുള്ള ബസ് സർവീസ് പതിനൊന്നാം വളവിന് സമീപം വരെ നീട്ടാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.മാത്രമല്ല സ്ഥലത്തിന് സമീപത്തുകൂടി ഒരു താത്കാലിക പാത നിർമ്മിക്കാനും നിർദ്ദേശം നൽകി.

ബുദ്ധിമുട്ടിലാഴ്ത്തി പൊന്മുടി റോഡ്

പൊൻമുടി അടഞ്ഞുകിടക്കുന്നത് മൂലം വനംവകുപ്പിന് പാസ് ഇനത്തിൽ ലഭിക്കേണ്ട ലക്ഷങ്ങളാണ് നഷ്ടമായത്. ഓണത്തിനും പൊൻമുടി അടഞ്ഞുകിടക്കുകയായിരുന്നു. പ്രതികൂല കാലാവസ്ഥ നിമിത്തം ഈ വ‌ർഷം ഏഴ് തവണ പൊൻമുടി അടച്ചിടേണ്ട സ്ഥിതി സംജാതമായി. അതുപോലെ റോഡ് തുറക്കാത്തതിനാൽ യാത്രാദുരിതം ഇരട്ടിക്കുകയും, വിദ്യാർത്ഥികൾ സ്കൂളിൽ എത്താൻ ബുദ്ധിമുട്ടുകയും ചെയ്തിരുന്നു.

സഞ്ചാരികൾ ഒഴുകുന്നു

ഒരുമാസമായി പൊൻമുടി അടഞ്ഞുകിടക്കുന്നത് മൂലം വിതുര മേഖലയിലെ മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സഞ്ചാരികളുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. പേപ്പാറ,ബോണക്കാട്,കല്ലാർ,മീൻമുട്ടി,ചാത്തൻകോട് മേഖലകളിൽ ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. പൊൻമുടി സന്ദർശിക്കാനെത്തിയ സംഘത്തിൽ പെട്ട മൂന്ന് പേരാണ് കഴിഞ്ഞ ദിവസം കല്ലാർ വട്ടക്കയത്തിൽ മുങ്ങിമരിച്ചത്.

പൊൻമുടി റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിച്ച് അടിയന്തരമായി തുറക്കണം.പൊൻമുടി അടഞ്ഞുകിടക്കുന്നത് മൂലം വിതുരയിൽ വ്യാപാര മേഖല തകർച്ചയിലാണ്.

വ്യാപാരി വ്യവസായി ഏകോപനസമിതി വിതുര യൂണിറ്റ് ഭാരവാഹികൾ.