mm

വർക്കല: ഇലകമൺ ഗ്രാമ പഞ്ചായത്തിൽ റോഡ് വികസനത്തിന്റെ പേരിൽ റോഡിലെ കുഴികൾ നികത്താനായി പല ഇടങ്ങളിലായി ഇറക്കിയ പാറപ്പൊടി ചുറ്റുപാടും പറന്ന് യാത്രക്കാർക്കും പരിസരവാസികൾക്കും കച്ചവടക്കാർക്കും ദുരിതമായി മാറിയെന്ന് പരാതി. ഇലകമൺ ഗ്രാമപഞ്ചായത്തിൽ ഏതാനും റോഡുകളിലാണ് വീതി കൂട്ടാനെന്ന പേരിലും കുഴികൾ അടയ്ക്കാനെന്ന പേരിലും പാറപ്പൊടിയും മെറ്റലും വിതറിയത്. മാസങ്ങൾ പിന്നിട്ടിട്ടും റോഡ് നവീകരണ ഇനിയും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇടയ്ക്കിടെ ഉണ്ടാകുന്ന കാറ്റിൽ പരിസരമാകെ പൊടി പാറുകയാണ്. പൊടിയുടെ ദുരിതം പ്രധാനമായി അനുഭവിക്കുന്നത് റോഡിനോട് ചേർന്ന് താമസിക്കുന്ന വീട്ടുകാരും കച്ചവടക്കാരുമാണ് വീടും പരിസരവും പാറപ്പൊടി പാറിപ്പറന്ന് പരിസരമാകെ വൃത്തിഹീനമായ അവസ്ഥയിലാണ്. ഹോട്ടൽ, ബേക്കറി സ്ഥാപനങ്ങൾ നടത്തുന്നവർക്കു ശുചിത്വം ഉറപ്പാക്കേണ്ടതിനാൽ ഇരട്ടി ജോലി ചെയ്യേണ്ട സ്ഥിതിയായി മാറിയിട്ടുണ്ട്.

അയിരൂർ ഊന്നിൻമൂട് റോഡ് ഭാഗം, നടയറ പൂവങ്കൽ റോഡ്, അയിരൂർ തൃമ്പല്ലൂർ ക്ഷേത്രം റോഡ്, പട്ടന്റെ തേരി റോഡ്, കൊച്ചു പാരിപ്പള്ളി മുക്ക് റോഡ്, ഇലകമൺ എം.എൽ.പി സ്കൂളിന് സമീപം ഇവിടങ്ങളിൽ പാറപ്പൊടി കാര്യമായ തോതിൽ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നു.