1
ഭാരത് ജോഡോയാത്രയ്ക്കിടെ നെയ്യാറ്റിൻകര മാധവി മന്ദിരത്തിൽ എത്തിയ രാഹുൽ ഗാന്ധിയെ കസവുനേര്യതണിയിച്ച് അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ജയരാജൻ (വലത് ). ഒപ്പം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, ശശി തരൂർ, അഡ്വ. ജി. സുബോധൻ, എം. വിൻസെന്റ് എം.എൽ.എ എന്നിവർ.

വിഴിഞ്ഞം: ഊടും പാവും ഇഴചേരുന്ന കൈത്തറിയുടെ താളത്തിൽ അപൂർമായ ഒരന്ത്യയാത്ര. കൈത്തറി തൊഴിലാളിയും ഐ.എൻ.ടി.യു.സി സംസ്ഥാന ട്രഷററുമായ പയറ്റുവിള കുഴിവിള വീട്ടിൽ സി. ജയരാജന്റെ (52) സംസ്കാര ചടങ്ങിലാണ് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമായി കൈത്തറിത്താളമൊരുക്കിയത്.

ഹൃദയ സംബന്ധമായ അസുഖത്താൽ വെള്ളിയാഴ്ചയായിരുന്നു മരണം. അന്ത്യനിമിഷങ്ങൾക്കുമുമ്പ്, വീട്ടിൽ നിന്ന് ചിതയിലേക്ക് കൊണ്ടുപോകുന്ന സമയത്തു തൊഴിലാളികൾ നെയ്‌തു നടത്തണമെന്നും, ആ ശബ്ദാന്തരീക്ഷത്തിലാകണം ശവദാഹമെന്നും ജയരാജൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കുടുംബാംഗങ്ങൾ ഈ അന്ത്യാഭിലാഷം വെളിപ്പെടുത്തിയപ്പോൾ തന്നെ സംഘടനയും അതിനോട് യോജിച്ചു. താൻ ജനിച്ചു വീണപ്പോൾ കേട്ട ശബ്ദവും കാൽ നൂറ്റാണ്ടായി തന്റെ തൊഴിലും ജീവിതവും, പ്രവർത്തനമേഖലയുമെല്ലാം നെയ്ത്തും, ആ ശബ്ദവുമായതു കൊണ്ടാണ് കോൺഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റുകൂടിയായ ജയരാജൻ തന്റെ ആഗ്രഹം നിറവേറ്റാൻ കുടുംബത്തെ ചുമതലപ്പെടുത്തിയത്. ചടങ്ങിലും അനുശോചന യോഗത്തിലും എം. വിൻസെന്റ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജി. സുബോധൻ, ജില്ലാപഞ്ചായത്ത് മെമ്പർ കോട്ടുകാൽ വിനോദ്, വട്ടവിള വിജയകുമാർ, കൈത്തറി തൊഴിലാളി കോൺഗ്രസ്‌ നേതാക്കളായ മംഗലത്തുകോണം തുളസീധരൻ, എൻ. എസ്. ജയചന്ദ്രൻ, പയറ്റുവിള സുരേന്ദ്രൻ, സജി, ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു. ഭാര്യ: മിനി. മക്കൾ: അരവിന്ദ്, ഗോവിന്ദ്.