
വെള്ളറട: കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ ലഹരിവിരുദ്ധ പ്രചാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്തിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗ്രന്ഥശാലകളിലും ക്ലബുകളിലും പൊതു സ്ഥലങ്ങളിലും ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. വാർഡ് തലത്തിൽ ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ വിപുലമായ ലഹരിവിരുദ്ധ പ്രചാരണ പരിപാടികൾ നടക്കും. പഞ്ചായത്ത് മേഖലയിലെ എല്ലാ വിദ്യാലയങ്ങളിലും പി.ടി.എ, എം.പി.ടി.എ, വികസന സമിതി എന്നിവയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ബോധവത്കരണം നടത്തും. 12വരെ വ്യത്യസ്ഥ കൂട്ടായ്മകളുടെ നേതൃത്വത്തിൽ സംവാദവും പ്രതിജ്ഞയെടുക്കലുമുണ്ടാകും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എക്സൈസ് കമ്മിഷണർ അനിൽകുമാർ ബോധവത്കരണ ക്ലാസ് നയിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. കുമാർ സ്വാഗതവും എക്സൈസ് ഇൻസ്പെക്ടർ വിനോദ് നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,പൊതുപ്രവർത്തകർ,പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, അദ്ധ്യാപകർ, സ്കൗട്ട്സ് വോളന്റിയർമാർ, വാർഡ് തല ജാഗ്രത സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.