thiruvananthapuram-medica

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമായി. മലപ്പുറം സ്വദേശിക്കാണ് (53) കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. അദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരി ഭർത്താവാണ് (43) കരൾ പകുത്ത് നൽകിയത്. വ്യാഴാഴ്ചയാണ് ശസ്ത്രക്രിയ നടന്നത്. രാവിലെ 7ന് തുടങ്ങിയ ശസ്ത്രക്രിയ രാത്രി 11.30തോടെയാണ് പൂർത്തിയായത്. നാഷ് എന്ന രോഗത്താൽ കരളിൽ സിറോസിസും കാൻസറും ബാധിച്ചിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം രോഗി ട്രാൻസ്‌പ്ലാന്റ് ഐ.സി.യുവിൽ നിരീക്ഷണത്തിലാണ്. മാറ്റിവയ്ക്കുന്ന കരളിന്റെ പ്രവർത്തനം സാധാരണ നിലയിലേയ്ക്കെത്താൻ രണ്ടാഴ്ചയോളം വേണ്ടിവരും.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ,പ്രിൻസിപ്പൽ,ആശുപത്രി സൂപ്രണ്ട് എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.തിരുവനന്തപുരം കിംസ്,എറണാകുളം അമൃത എന്നീ ആശുപത്രികളുടെ സഹകരണത്തോടെയായിരുന്നു ശസ്ത്രക്രിയ. കോട്ടയം മെഡിക്കൽ കോളേജിൽ 3 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയതിന് പിന്നാലെയാണ് തിരുവനന്തപുരത്തും ശസ്ത്രക്രിയ നടത്തിയത്. ഡോക്ടർമാർ ഉൾപ്പെടെ 50 ഓളം പേരാണ് ശസ്ത്രക്രിയയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്.

ഏറെ പണച്ചെലവുള്ള കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സാധാരണക്കാർക്ക് സർക്കാർ ആശുപത്രികളിലൂടെ സൗജന്യമായി ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനായത് വലിയ നേട്ടമാണ്

- വീണാ ജോർജ്

ആരോഗ്യമന്ത്രി