മലയിൻകീഴ്: വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ഭീതി പടർത്തിയ പേപ്പട്ടി ഇന്നലെയും മൂന്ന് പേരെ കടിച്ചു. തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ കുരിയോടുള്ള ഒരു പറമ്പിൽ നായയെ ചത്തനിലയിൽ കണ്ടെത്തി.വെള്ളിയാഴ്ച പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിലായി ഇതേ നായ 25 പേരെ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഇന്നലെ രാവിലെ 6ഓടെ മായിക്കോണം ഭാഗത്ത് മോഹനനെ (54) കടിച്ച് പരിക്കേൽപ്പിച്ച ശേഷം അതിവേഗത്തിൽ ഓടിയ നായ് ചെറുവിളയിലെത്തി സുകുമാരൻനായരെ കടിച്ചു. കടിയേറ്റ് നിലത്ത് വീണ സുകുമാരൻനായരുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നായ കടിച്ചു.നാട്ടുകാരെത്തിയപ്പോഴേക്കും നായ പൊറ്റയിൽ ഭാഗത്ത് കൂടെ ഓടി, കുരിയോട് എത്തി അവിടെ നിലയുറപ്പിച്ചു. അതിന്ശേഷം കുരിയോട് സ്വദേശി രമണനെ(58) കടിച്ചു. വീട്ടിൽ നിന്ന് പാലോട്ടുവിളയിലുള്ള ഹോട്ടലിലേക്ക് പോവുകയായിരുന്ന രമണനെ പിന്നാലെ എത്തി കടിക്കുകയായിരുന്നു. ഇതിനിടെ നാട്ടുകാരെത്തി നായയെ തുരത്തി ഓടിച്ചു. തുടർന്ന് കുരിയോട് ഭാഗത്ത് പറമ്പിൽ ഇതിനെ ചത്ത നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു.വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ലാലിയുടെ നേതൃത്വത്തിൽ നായയെ പാലോട് വെറ്റിനറി ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി. കഴിഞ്ഞ രണ്ട് ദിവസമായി നിരവധി പേരെ കടിച്ച ഇതേ പേപ്പട്ടി വളർത്തു മൃഗങ്ങളേയും കടിച്ചതായിട്ടാണ് നാട്ടുകാർ പറയുന്നത്. പേപ്പട്ടി ചത്ത വിവരം വെറ്റിനറി അധികൃതരെ അറിയിച്ചെങ്കിലും ഇവർ തിരിഞ്ഞുനോക്കിയില്ലെന്നും പരാതിയുണ്ട്.