
തിരുവനന്തപുരം: കോട്ടൺഹിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ പാർക്ക് ചെയ്തിരുന്ന ബസ് കത്തി നശിച്ചു. ഇന്നലെ പുലർച്ചെ 3ഓടെയാണ് സംഭവം. കോട്ടൺഹിൽ എച്ച്.എസ്.എസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ പാർക്ക് ചെയ്തിരുന്ന എട്ടാം നമ്പർ ബസാണ് പൂർണമായും കത്തിനശിച്ചത്. ഡ്രൈവറുടെ സീറ്റിന് സമീപത്തുനിന്ന് തീപടർന്നെന്നാണ് പ്രാഥമിക നിഗമനം. തീപിടിച്ച ബസിന്റെ സമീപത്തുണ്ടായിരുന്ന മറ്രൊരു ബസിനും നിസാര കേടുപാടുണ്ടായി. സ്കൂളിന് സമീപത്തുള്ള ലേഡീസ് ഹോസ്റ്റലിലെ അന്തേവാസികളാണ് ബസ് കത്തുന്ന വിവരം സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനെ ആദ്യം അറിയിച്ചത്. തീപിടിച്ച ബസിന്റെ സമീപത്ത് ആറുബസുകൾ കൂടി ഉണ്ടായിരുന്നു. ഇവയിലേക്ക് തീപടരാതെയും കത്തിയ ബസിന്റെ ഇന്ധനടാങ്ക് പൊട്ടിത്തെറിക്കാതെയും തീയണയ്ക്കാനായതിനാൽ വൻ അപകടമാണ് ഒഴിവായത്. ചെങ്കൽച്ചൂള ഫയർ ഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ രാജശേഖരൻ നായരുടെ നേതൃത്വത്തിൽ 11 അംഗസംഘമാണ് തീയണച്ചത്. ഓഡിറ്റോറിയത്തിന്റെ മേൽക്കൂരയിലെ ഷീറ്റുകളും കത്തിനശിച്ചു. മറ്റ് ബസുകൾ ഡ്രൈവർമാരെത്തിയാണ് മാറ്റിയത്. അപകടകാരണം ഷോർട്ട് സർക്യൂട്ടാകാമെന്നാണ് നിഗമനം. ഫോറൻസിക് വിഗദ്ധരും മോട്ടോർവാഹന വകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ബസിലെ ജീവനക്കാരുടെ മൊഴികൂടി രേഖപ്പെടുത്തിയ ശേഷമേ വ്യക്തമായ കാരണം കണ്ടെത്താനാവൂ എന്നാണ് മോട്ടാർവാഹന വകുപ്പ് അധികൃതർ പറയുന്നത്. മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.