
തിരുവനന്തപുരം: ഓൺലൈൻ ഗെയിമുകളിൽ കുടുങ്ങി കൗമാരക്കാർ ജീവനൊടുക്കുന്ന പശ്ചാത്തലത്തിൽ അടിയന്തര ഓർഡിനൻസ് ഇറക്കി തമിഴ്നാട് മരണക്കളിക്ക് തടയിട്ടപ്പോൾ, കേരളത്തിൽ നിയമഭേദഗതിയിലൂടെ നിരോധിക്കാൻ നിയമവകുപ്പ് നൽകിയ ശുപാർശ ആഭ്യന്തര വകുപ്പ് പരണത്തുവച്ചിരിക്കുകയാണ്. റമ്മിയടക്കമുള്ള ഓൺലൈൻ ഗെയിമുകളിൽ കുടുങ്ങി സംസ്ഥാനത്ത് ഇരുപതിലേറെപ്പേരാണ് ജീവനൊടുക്കിയത്. 1960ലെ കേരള ഗെയിമിംഗ് ആക്ടിലെ സെക്‌ഷൻ മൂന്നിലെ ഭേദഗതിയിലൂടെ, ഓൺലൈൻ ലോട്ടറി നിരോധിച്ചതിന് സമാനമായ നടപടിയാണ് നിയമവകുപ്പ് നിർദ്ദേശിച്ചത്.
ഇത്തരം ഗെയിമുകളുമായി എത്തുന്നവർക്ക് മൂന്നുവർഷം തടവും പത്തുലക്ഷം രൂപ പിഴയുംശിക്ഷ ലഭിക്കുന്ന നിയമമാണ് തമിഴ്നാട്ടിൽ പ്രാബല്യത്തിലായത്. കഴിഞ്ഞ ദിവസമാണ് ഗവർണർ ഓർഡിനൻസിൽ ഒപ്പുവച്ചത്. ഒരുവർഷം തടവോ പതിനായിരം രൂപ പിഴയോ ശിക്ഷ ചുമത്താനായിരുന്നു കേരളത്തിൽ നിയമവകുപ്പിന്റെ ശുപാർശ.കേരളാ ഗെയിമിംഗ് ആക്ട് ഭേദഗതി ചെയ്ത് പണം വച്ചുള്ള റമ്മികളി തടയാമെന്നാണ് നിയമവകുപ്പ് വ്യക്തമാക്കിയത്.
നിയമഭേദഗതി സാദ്ധ്യമാണോയെന്ന് ആഭ്യന്തര വകുപ്പ് ആരാഞ്ഞ പ്രകാരം നൽകിയ ശുപാർശയായിട്ടും തുടർ നടപടി ഉണ്ടായില്ല.
2021 ഫെബ്രുവരിയിൽ 1960ലെ കേരളാ ഗെയിമിംഗ് ആക്ട് ഭേദഗതി ചെയ്ത് പന്തയം വച്ചുള്ള ഓൺലൈൻ റമ്മികളി നിരോധിച്ചിറക്കിയ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. തമിഴ്നാട് സർക്കാർ കൊണ്ടുവന്ന സമാനമായ നിയമം നേരത്തേ മദ്രാസ് ഹൈക്കോടതിയും റദ്ദാക്കിയിരുന്നു. അതിനെ മറികടക്കാനാണ് അവർ പുതിയ നിയമം കൊണ്ടുവന്നത്. കേരളത്തിൽ ഓൺലൈൻ ഗെയിമുകൾ നിയന്ത്റിക്കുന്നതിനുള്ള പഴുതടച്ചതും ഫലപ്രദവുമായ നിയമഭേദഗതി പരിഗണനയിലാണെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു.
ഓൺലൈൻ റമ്മികളിക്ക് വായ്പ നൽകുന്ന മൊബൈൽ ആപ്പുകളും ഓൺലൈൻ വായ്പാപരസ്യങ്ങളും വീണ്ടും വ്യാപകമായിട്ടുണ്ട്. പണം സമയത്ത് തിരികെ നൽകാത്തതുമൂലം പലർക്കും ഭീഷണിയും ബ്ലാക്ക്‌മെയിലിങ്ങും നേരിടേണ്ടിവരുന്നു.