തിരുവനന്തപുരം: നാളെ മുതൽ നടത്തുന്ന ടെണ്ടർ ബഹിഷ്കരണ സമരത്തിൽ നിന്ന് പൊതുമരാമത്ത് വകുപ്പിനെ മാത്രം ഒഴിവാക്കിയെന്നും തദ്ദേശ വകുപ്പ് അടക്കം മറ്റു വകുപ്പുകളുടെ പുതിയ നിർമ്മാണ ജോലികൾ ഏറ്റെടുക്കില്ലെന്നും കരാറുകാരുടെ ഏകോപന സമിതി അറിയിച്ചു. 200 കോടി രൂപ നൽകാനുള്ള വാട്ടർ അതോറിട്ടിയുടെ ടെണ്ടറുകൾ സെപ്തംബർ മൂന്നു മുതൽ ബഹിഷ്കരിച്ചിരിക്കുകയാണ്. സമാനമായ സമരമുറയാണ് നാളെ മുതൽ മറ്റു വകുപ്പുകളുമായും ബന്ധപ്പെട്ട് നടത്തുന്നത്. കുടിശിക കിട്ടണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ബഹിഷ്കരണ സമരം.

കഴിഞ്ഞദിവസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസുമായി ഏകോപന സമിതി നടത്തിയ ചർച്ചയിലെ ധാരണപ്രകാരമാണ് ആ വകുപ്പിന്റെ ടെണ്ടറുകളിൽ പങ്കെടുക്കുന്നത്.

കരാറുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രി ചെയർമാനും വകുപ്പ് സെക്രട്ടറി, ചീഫ് എൻജിനീയർമാർ,കരാറുകാരുടെ പ്രതിനിധികൾ എന്നിവരടങ്ങുന്ന സ്ഥിരംസമിതി രൂപീകരിക്കാൻ ധാരണയായി.നവം.ഒന്നുമുതൽ സംവിധാനം നിലവിൽ വരും. ചട്ടങ്ങൾ തയ്യാറാക്കാൻ സിയാൽ എം.ഡി എസ്.സുഹാസ് കൺവീനറും പൊതുമരാമത്ത് ഭരണ വിഭാഗം ചീഫ് എൻജിനീയർ മധുമതി, കരാറുകാരുടെ ഏകോപനസമിതിയിലെ നാലു പ്രതിനിധികൾ എന്നിവരടങ്ങിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി.

ഈ സംവിധാനം മറ്റ് വകുപ്പുകളിലും ഉണ്ടാകും.

ടാറിന്റെ വില വ്യത്യാസം നൽകാനുള്ള ഉത്തരവ് നടപ്പാക്കുന്നതിന് ഭരണ വിഭാഗം ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തി.

2017 ജൂലായ് ഒന്നിന് മുമ്പ് ടെൻഡർ ചെയ്ത പ്രവർത്തികൾക്ക് ജി.എസ്.ടി ചുമത്തിയതിലുണ്ടായ

നഷ്ടം നികത്താനും ധാരണയായി. ബില്ലുകൾ, അടങ്കൽ പുതുക്കൽ തുടങ്ങിയവയിലെ പരാതികൾ മന്ത്രിയുടെ ഓഫീസ് നേരിട്ട് കൈകാര്യം ചെയ്യും.

തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിയുമായി ഈ മാസം 13 നും ധന മന്ത്രിയുമായി 20 നും ചർച്ച നടത്തുമെന്ന്

ഏകോപന സമിതി ഭാരവാഹികളായ മോൻസ് ജോസഫ് എം.എൽ.എ,വി.ജോയി എം.എൽ.എ, സണ്ണി ചെന്നിക്കര,പി.വി കൃഷ്ണൻ, വർഗീസ് കണ്ണമ്പള്ളി,നജീബ് മണ്ണേൽ എന്നിവർ അറിയിച്ചു.