
തിരുവനന്തപുരം: ദീർഘനാൾ ആയോധന കല അഭ്യസിക്കുന്നതിലൂടെ മെച്ചപ്പെട്ട ജീവിതം നയിക്കാനാകുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ്.രണ്ട് ദിവസമായി തലസ്ഥാനത്ത് നടന്ന നാഷണൽ മാർഷ്യൽ ആർട്സ് മേളയുടെ സമാപന സമ്മേളനം വീഡിയോ സന്ദേശം വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനായ ചടങ്ങിൽ ഐ.ബി.സതീഷ് എം.എൽ.എ മുഖ്യാതിഥിയായി.പദ്മശ്രീ ലക്ഷ്‌മിക്കുട്ടിയമ്മ,അമ്പെയ്‌ത്തു ആചാര്യൻ ഗോവിന്ദൻ ആശാൻ എന്നിവരെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു.മേളയുടെ സുവനീർ ഐ.കെ.എസ് ദേശീയ കോ-ഓർഡിനേറ്റർ ഗന്റി മൂർത്തിക്ക് നൽകി വി.കെ.പ്രശാന്ത് പ്രകാശനം ചെയ്തു.സിനിമാതാരങ്ങളായ സുരേഷ് ഗോപി,പൃഥ്വിരാജ് എന്നിവർ വീഡിയോയിലൂടെ ആശംസകൾ പറഞ്ഞു.ഐ.കെ.എസ് കോ-ഓർഡിനേറ്റർ അനുരാധ ചൗധരി,ഐ.കെ.എസ് സെന്റർ ഫോർ കളരിപ്പയറ്റ് ആൻഡ് സിദ്ധർ ട്രഡിഷൻ ഹെഡ് ഡോ.അരുൺ സുരേന്ദ്രൻ,കോ ഹെഡ് ഡോ.എസ്.മഹേഷ് ഗുരുക്കൾ എന്നിവർ പങ്കെടുത്തു.