thiruvanantha-puram-corpo

തിരുവനന്തപുരം: എം.ജി റോഡിലെ പാർക്കിംഗ് സ്ഥലം സ്വകാര്യവ്യക്തിക്ക് നഗരസഭ വാടകയ്ക്ക് നൽകിയെന്ന് ആക്ഷേപം.ഒരു മാസം അയ്യായിരം രൂപ നിരക്കിലാണ് ആയുർവേദ കോളേജിന് സമീപമുള്ള സ്ഥലം, ദേവസ്വം ബോർഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ പാർക്കിംഗിനായി നഗരസഭ വാടകയ്ക്കു നൽകിയത്.

മേയറുടെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക് ഉപദേശക സമിതിയാണ് തീരുമാനമെടുത്തത്. നഗരസഭ സെക്രട്ടറിയും ഹോട്ടലുടമയുമായ സ്വകാര്യവ്യക്തിയും ചേർന്ന് കരാറുമുണ്ടാക്കി. മുൻപ് ഫീസ് ഈടാക്കി പൊതുജനങ്ങൾക്ക് പാർക്കിംഗ് അനുവദിച്ചിരുന്ന സ്ഥലമാണ് ഇപ്പോൾ ഒരു ഹോട്ടലിന്റെ പാർക്കിംഗിനായി അനുവദിച്ചിരിക്കുന്നത്.

പൊതുമരാമത്ത് വകുപ്പിന്റെ റോഡ്, കോർപ്പറേഷൻ എങ്ങനെ വാടകയ്ക്ക് നൽകുമെന്നതും വ്യക്തമല്ല. റോഡ് സുരക്ഷാ നിയമപ്രകാരം സർക്കാരിന് പോലും റോഡ്, പാർക്കിംഗിന് മാറ്റിവയ്ക്കാനാവില്ല. ഹോട്ടലുടമ ശമ്പളം നൽകണമെന്ന വ്യവസ്ഥയിൽ പൊലീസ് ഇവിടെ ഒരു ട്രാഫിക് വാർഡനേയും നിയോഗിച്ചിട്ടുണ്ട്.

ഇവിടെ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്താൽ ട്രാഫിക് വാർഡൻ തടയും. ഈ സ്ഥലം സ്വകാര്യവ്യക്തിക്ക് വാടകയ്ക്ക് നൽകിയിരിക്കുകയാണെന്നും മറ്റ് പാർക്കിംഗ് അനുവദിക്കില്ലെന്നും പറയുന്നതോടെ തർക്കങ്ങളും പതിവാണ്.ഭരണസമിതിയുടെ പ്രത്യേക താത്പര്യമാണ് ഇതിന് പിന്നിലെന്നും റിപ്പോർട്ടുണ്ട്.