general

ബാലരാമപുരം: ദേശീയ ആയോധന കലാമേള നരുവാമൂട് ട്രിനിറ്റി കോളേജ് ഓഫ് എൻജിനീയറിംഗിൽ ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക, പാങ്ങോട് സ്‌റ്റേഷൻ കാമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ്മ, ട്രിനിറ്റി കോളേജ് ചെയർമാൻ ഡോ. തോമസ് അലക്സാണ്ടർ, ഐ.കെ.എസ് നാഷണൽ കോഓർഡിനേറ്റർ ഡോ. ഗാന്ധി മൂർത്തി, അഡ്വ. പൂന്തുറ സോമൻ, ഡോ.എസ്. മഹേഷ് ഗുരുക്കൾ, പഞ്ചായത്ത് അംഗങ്ങളായ എസ്. സുജാത, സജികുമാർ എന്നിവർ സംസാരിച്ചു. സുചിത്ര മധുസൂദനൻ സ്വാഗതവും അരുൺ സുരേന്ദ്രൻ നന്ദിയും പറഞ്ഞു. കേന്ദ്ര സാംസ്‌കാരിക - വിദ്യാഭ്യാസ മന്ത്രാലയങ്ങൾ, ആയുഷ് വകുപ്പ്, ആസാദി കാ അമൃത് മഹോത്സവ്‌ എന്നിവയുടെ പിന്തുണയോടെ ഇന്ത്യൻ നോളെഡ്ജ് സിസ്റ്റം,തിരുവനന്തപുരം അഗസ്ത്യം കളരി, ട്രിനിറ്റി കോളേജ് ഓഫ് എൻജിനീയറിംഗ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മേള സംഘടിപ്പിച്ചത്. കേരളത്തിന്റെ തനതായ കളരിപ്പയറ്റ്, പഞ്ചാബിൽ നിന്നുള്ള ഗട്കാ, മഹാരാഷ്ട്രയിലെ മർദാനി ഖേൽ,​ തമിഴ് നാട്ടിലെ ശിലമ്പ്, മൽഖമ്പ്, ഗോത്ര മേഖലകളിൽ നിന്നുള്ള അമ്പെയ്ത്ത് തുടങ്ങി വിവിധ ഇനങ്ങളിലായി ഇരുനൂറ്റി അൻപതിലധികം ആയോധന കലാ പ്രതിഭകൾ മേളയിൽ പങ്കെടുക്കും. ട്രിനിറ്റി കോളേജ്, നേമത്തെ അഗസ്ത്യം കളരി, നിശാഗന്ധി ഓഡിറ്റോറിയം എന്നിവിടങ്ങളാണ് വേദികൾ. മേളയോടനുബന്ധിച്ച് വിദ്യാഭ്യാസ സമ്പ്രദായത്തിൽ ആയോധന കലകളുടെ പ്രസക്തി, മാനസികാരോഗ്യവും ആയോധന കലകളും എന്നീ വിഷയങ്ങളിൽ പാനൽ ചർച്ചകൾ ട്രിനിറ്റി കോളേജിലും സിദ്ധപാരമ്പര്യത്തെക്കുറിച്ചുള്ള പ്രഭാഷണം അഗസ്ത്യം കളരിയിലും നടക്കും. ട്രിനിറ്റി കേളേജിൽ ആയോധനകലകൾ സംബന്ധിച്ച വിപുലമായ എക്സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്.