കാട്ടാക്കട: കാട്ടാക്കട പഞ്ചായത്തിനെ മാലിന്യമുക്ത മണ്ഡലമാക്കുന്നതിന് നടപടികൾ തുടങ്ങി. ശുചിത്വ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സമ്പൂർണ മാലിന്യ ശുചീകരണ ക്യാമ്പയിൻ നടത്തുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ വാർഡുകളിൽ നിന്നും ഉപയോഗ ശൂന്യമായ ചെരിപ്പ്, ബാഗ്, തുണികൾ, ഈ വെസ്റ്റ് എന്നിവ ക്ലീൻ കേരള കമ്പനിയിലേക്ക് മാറ്റാനുള്ള പ്രവർത്തനങ്ങൾ പഞ്ചായത്തിൽ ആരംഭിച്ചു. ശുചിത്വ മിഷൻ, ഹരിത കർമ്മസേന, ഹരിത കർമ്മ സ്ഥാപനം എന്നിവരുടെ സഹായത്തോടെ അദ്യ ഘട്ടം വസ്തുക്കൾ മാറ്റാൻ തുടങ്ങി.

കാർബൺ ന്യൂട്രൽ കാട്ടാക്കടയുടെ ഭാഗമായി കൂടിയാണ് പഞ്ചായത്ത് ദ്രുതഗതിയിൽ പദ്ധതി നടപ്പാക്കി വരുന്നത്. ഇതിന്റെ ഭാഗമായി കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും ചെരിപ്പും ബാഗുകളും ശേഖരിച്ചത് കാട്ടാക്കട കുളത്തുമ്മൽ ഗവ.എൽ.പിസ്കൂളിൽ സജ്ജീകരിച്ച കേന്ദ്രത്തിൽ നിന്നും അദ്യ ഘട്ടം നീക്കം ചെയ്യൽ കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്നു. പതിനഞ്ചാം തീയതി തുണിത്തരങ്ങളും 22ന് ഗ്ലാസുകളും, 29ന് ഈ വേസ്റ്റ്, ബൾബ് ട്യൂബ് ലൈറ്റ് എന്നിവയും ഇതേ രീതിയിൽ നീക്കം ചെയ്യുമെന്നും പൊതു ജനങ്ങൾ പഞ്ചായത്തുമായി ബന്ധപ്പെട്ട് ഇവർ ഹരിതകർമ്മ സേനയ്ക്ക് കൈമാറണമെന്നും അധികൃതർ അറിയിച്ചു. വിവിധ വാർഡുകളിൽ നിന്നും ഹരിത കർമ്മ ശേഖരിച്ച ചെരിപ്പും ബാഗുമാണ് നീക്കം ചെയ്തത്.
ജില്ലാ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ചിന്നമ്മ, ഹരിത സഹായ സ്ഥാപനം നിയോ എനർജി കോ ഓർഡിനറ്റർമാരായ ആകാശ്, സോണിയ, ഹരിത കർമ്മൻസേന സൂപ്പർവൈസർ ഗോപിനാഥൻ നായർ, കൺസോഷ്യം പ്രസിഡന്റ് ശാന്തി, സുധീന, ഹരിതകർമ്മൻസേന അംഗങ്ങളും പങ്കെടുത്തു.