vattakkayam

വിതുര: ജില്ലയിലെ പ്രമുഖ ഇക്കോ ടൂറിസം കേന്ദ്രമായ വിതുര കല്ലാറിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ അധികൃതർ പുലർത്തുന്ന നിസംഗതയ്ക്കെതിരെ വ്യാപക പ്രതിഷേധം. വനം- റവന്യു-ഇറിഗേഷൻ- തദ്ദേശ- ടൂറിസം-പൊലീസ് വകുപ്പുകളുടെ പരിധിയിൽ വരുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രത്തിൽ അടിക്കടി അപകടമരണങ്ങൾ പെരുകുന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധം കനത്തത്. പൊന്മുടി റോഡിൽ കല്ലാർ വട്ടക്കയം എന്ന കുളിക്കടവാണ് ഏറ്റവും കൂടുതൽ ജീവനുകൾ അപഹരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് ബീമാപള്ളിയിൽ നിന്ന് ഇവിടെയെത്തിയ എട്ടംഗ സംഘത്തിലെ പൊലീസുകാരനും അദ്ധ്യാപകനും അടക്കം മൂന്നു പേർ വട്ടക്കയത്തിൽ മുങ്ങിമരിച്ചിരുന്നു. ദാരുണമായ സംഭവത്തെ തുടർന്ന് ഇന്നലെ വട്ടക്കയം സന്ദർശിച്ച സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ മുൻ എം.എൽ.എ ബന്ധപ്പെട്ട വകുപ്പ് അധികൃതരെ വിമർശിച്ചു. കൂടുതൽ അപകടങ്ങൾക്ക് വഴിയൊരുക്കുന്നതാണ് അധികൃതരുടെ മൗനമെന്നും സുരക്ഷാനടപടികളും ക്രമീകരണങ്ങളും അടിയന്തരമായി നടപ്പിലാക്കാൻ സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, വിതുര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാ ജി. ആനന്ദ്,കല്ലാർ വാർഡ് മെമ്പർ സുനിത ഐ.എസ്, പൊന്നാംചുണ്ട് വാർഡ് മെമ്പർ രവികുമാർ, സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗങ്ങളായ കല്ലാർ വിക്രമൻ, ബിനോയി തള്ളച്ചിറ, രവീന്ദ്രൻ പിള്ള, കല്ലാർ ബ്രാഞ്ച് സെക്രട്ടറി സുപ്രഭൻ, കല്ലാർ ഗോപിനാഥൻ നായർ, ഷംനാദ് കല്ലാർ തുടങ്ങിയവരും ജില്ലാ സെക്രട്ടറിയോടൊപ്പം ഉണ്ടായിരുന്നു.

മരണം തുടർക്കഥ

വട്ടക്കയത്തിനു പുറമെ മീൻമുട്ടി, ഗോൾഡൻ വാലി,21 ആം കല്ല് തുടങ്ങി നിരവധി കുളിക്കടവുകളും വെള്ളച്ചാട്ടങ്ങളും അടങ്ങിയതാണ് കല്ലാറിലെ ഇക്കോ ടൂറിസം മേഖല. ഇവയിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതും മരണം തുടർക്കഥയായിട്ടുള്ളതും വട്ടക്കയത്തിലാണ്. നാല്പത് വർഷത്തിനിടയിൽ 101 പേരുടെ ജീവൻ വട്ടക്കയത്തിൽ നഷ്ടമായിട്ടുണ്ട്. കല്ലാറിന്റെ ഇരുകരകളിലും അധിവസിക്കുന്ന കുടുംബങ്ങളെ ഉൾപ്പെടുത്തി വനം വകുപ്പ് രൂപീകരിച്ച വനം സംരക്ഷണ സമിതിക്കാണ് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ മേൽനോട്ടച്ചുമതല നല്കിയിട്ടുള്ളതെങ്കിലും വട്ടക്കയം തങ്ങളുടെ പരിധിക്ക് പുറത്താണെന്ന ന്യായം നിരത്തി കൈയൊഴിഞ്ഞിരിക്കുകയാണ് ബന്ധപ്പെട്ടവർ. ഒരു വിളിപ്പാടകലെ സ്ഥിതി ചെയ്യുന്ന കല്ലാർ പാലത്തിനോടു ചേർന്ന് ചെക്ക് പോസ്റ്റും ഓഫീസ് സമുച്ചയവും നിമ്മിച്ച് സന്ദർശകരിൽ നിന്ന് തുക ഈടാക്കി വനംവകുപ്പ് പാസ് വിതരണം ചെയ്യുമ്പോഴാണ് കൺമുന്നിലെ വട്ടക്കയം മരണക്കയമായി മാറിയിരിക്കുന്നത്. വനം സംരക്ഷണ സമിതിയുടെ പരിധിയിൽ വട്ടക്കയം ഉൾപ്പെടുത്തിയാൽ തീരുന്ന പ്രശ്നമേയുള്ളൂ എന്നതാണ് വാസ്തവം.

**സുരക്ഷാവേലി സ്ഥാപിക്കാനും കയത്തിലെ ആഴം കുറയ്ക്കാനും നടപടി സ്വീകരിക്കണം

**ലൈഫ് ഗാർഡ് പരിശീലനം ലഭിച്ച വനം സംരക്ഷണ സമിതി അംഗങ്ങളെ സുരക്ഷയ്ക്കായി നിയോഗിക്കണം

**സാമൂഹ്യവിരുദ്ധശല്യം തടയാനും സഞ്ചാരികളെ നിയന്ത്രിക്കാനും പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം

നാട്ടുകാരുടെയും വിനോദ സഞ്ചാരികളുടെയും ജീവനും സ്വത്തിനും ഭീഷണിയായ വട്ടക്കയം വനം സംരക്ഷണ സമിതിയുടെ പരിധിയിൽ ഉൾപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കണം. എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ പൊലീസ് തയാറാവണമെന്നും അടിയന്തര ഘട്ടങ്ങളിൽ ദ്രുതകർമ്മ സേനയുടെ സേവനം ഉറപ്പാക്കണം. ആവശ്യപ്പെട്ട് വനം- റവന്യു വകുപ്പ് മന്ത്രിമാരെ ഉടനെ നേരിൽക്കണ്ട് നിവേദനം നൽകും.

മാങ്കോട് രാധാകൃഷ്ണൻ