തിരുവനന്തപുരം: കോട്ടൺഹിൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ പാർക്ക് ചെയ്‌തിരുന്ന ബസ് കത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നതായും ഫോറൻസിക് റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടികൾ ഉണ്ടാകുമെന്നും മ്യൂസിയം പൊലീസ് വ്യക്തമാക്കി. അതേസമയം സംഭവത്തിൽ ദുരൂഹതയുണ്ടെന്ന വാദവും ഉയരുന്നുണ്ട്.

വിദ്യാർത്ഥിനികളെ വീട്ടിലാക്കി തിരിച്ചെത്തി വൈകിട്ട് ആറോടെ ഗ്രൗണ്ടിൽ പാർക്ക് ചെയ്‌ത ബസ് എങ്ങനെയാണ് പുലർച്ചെ മൂന്നിന് ഷോർട്ട് സർക്യൂട്ട് കാരണം കത്തി നശിക്കുകയെന്ന ചോദ്യമാണ് ഉയരുന്നത്. ബസിന്റെ ജി.പി.എസ് ഓണായിരുന്നുവെന്നും അതിൽ നിന്ന് ഷോർട്ട് സർക്യൂട്ട് സംഭവിച്ചതാകാമെന്നുമാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം. രണ്ട് ദിവസത്തിനുള്ളിൽ ഫോറൻസിക് റിപ്പോർട്ട് ലഭിക്കുന്നതോടെ തീപിടിത്തമുണ്ടായതു സംബന്ധിച്ച് വ്യക്തത ലഭിക്കും.

പി.ടി.എയ്‌ക്ക് സ്വന്തമായിട്ടുള്ള കെ.എൽ 01 ബി.ആർ 8482 എന്ന തിരുമല ഭാഗത്തേക്ക് പോകുന്ന എട്ടാം നമ്പർ ബസാണ് കത്തി നശിച്ചത്. ബസ് കിടന്നിരുന്ന ഭാഗത്ത് സി.സി ടിവി ഇല്ലാത്തതിനാൽ ബസിന് തീവച്ചതാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രണ്ട് മാസങ്ങൾക്കു മുമ്പ് സ്‌കൂളിൽ റാഗിംഗ് പ്രശ്‌നം വന്നപ്പോൾ സി.സി ടിവി സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നു. മുമ്പ് സ്‌കൂളിൽ സി.സി ടിവി സ്ഥാപിക്കാൻ നൽകിയ പണം അന്നത്തെ ഹെഡ്മാസ്റ്റർ വകമാറ്റി ചെലവഴിച്ചതുൾപ്പെടെയുള്ള വിഷയങ്ങൾ വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിലാണ്. സ്‌കൂളിന് സമീപത്തെ ലേഡീസ് ഹോസ്റ്റലിലുള്ളവരാണ് ബസ് കത്തുന്ന വിവരം സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരനെ ആദ്യം അറിയിച്ചത്.