തിരുവനന്തപുരം: അടിക്കടി തീപിടിത്തമുണ്ടാകുന്ന നഗരത്തിന്റെ ഹൃദയഭാഗത്തായി ഫയർഫോഴ്സ് യൂണിറ്റ് സ്ഥാപിക്കണമെന്ന അഗ്നിരക്ഷാ വകുപ്പിന്റെ ആവശ്യത്തിൽ ഇടപെട്ട് ജില്ലാ ഭരണകൂടം. ചാലയിൽ യൂണിറ്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിൽ 2015ൽ ഭരണാനുമതി ലഭിച്ചെങ്കിലും സ്ഥലം അനുവദിക്കുന്നില്ലെന്ന കേരളകൗമുദി വാർത്തയെ തുടർന്നാണ് ഇടപെടൽ. വാർത്ത ശ്രദ്ധയിൽപ്പെട്ട ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ വിനീത് ടി.കെ കാര്യങ്ങൾ ജില്ലാ കളക്ടറിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്നും വേണ്ട നടപടികൾ സ്വീകരിക്കാമെന്നും ജില്ലാ ഫയർ ഓഫീസറെ അറിയിച്ചു. കിള്ളിപ്പാലത്ത് നിന്ന് അട്ടക്കുളങ്ങരയിലേക്ക് പോകുന്ന ഭാഗത്ത് വാട്ടർ അതോറിട്ടിയുടെ പമ്പ് ഹൗസിന് സമീപം, ചാല ഗവൺമെന്റ് ബോയ്സ് എച്ച്.എസിന്റെ 25സെന്റ് സ്ഥലം അനുയോജ്യമാണെന്ന് വകുപ്പ് സർക്കാരിനെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിരന്തരം കത്തയച്ചെങ്കിലും സ്ഥലം നൽകില്ലെന്ന നിലപാടിലാണ് വകുപ്പ്. മന്ത്രി ഇടപെട്ട് ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാക്കണമെന്നാണ് ഫയർഫോഴ്സിന്റെ ആവശ്യം. ഈ സ്ഥലം ലഭിച്ചാൽ നഗര ഹൃദയത്തിൽ കൂടുതൽ സൗകര്യത്തോടെയുള്ള ഫയർ ഔട്ട് പോസ്റ്റ് തുടങ്ങാനാവുമെന്നും രക്ഷാപ്രവർത്തനങ്ങൾക്കിത് കരുത്ത് പകരുമെന്നും ഫയർഫോഴ്സ് അധികൃതർ വ്യക്തമാക്കുന്നു.