നെയ്യാറ്റിൻകര: കറവപ്പശു പേവിഷബാധയേറ്റ് ചത്തു. നഗരസഭയിലെ അത്താഴമംഗലം വാർഡിൽ കവളാകുളം ഇളംപ്ലാഞ്ചേരി ബഥേൽ ഭവനിൽ വിമൽരാജിന്റെ കറവപ്പശുവാണ് കഴിഞ്ഞ ദിവസം പേവിഷബാധ മൂലം ചത്തത്. 2 ദിവസമായി പശു തീറ്റയെടുക്കാതെയും അവശതയിലുമായതിനെ തുടർന്ന് വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മൃഗഡോക്ടറെത്തി പരിശോധിച്ചപ്പോഴാണ് പശുവിന് പേവിഷ ബാധയേറ്റതായി അറിഞ്ഞത്. പശുവിനെ പുല്ല് മേയ്ക്കാനായി സമീപത്തെ പറമ്പിൽ കൊണ്ട് പോയി കെട്ടിയിടുമായിരുന്നു. ഇവിടെ വച്ച് പട്ടി കടിച്ചതായിരിക്കാമെന്നാണ് നിഗമനം. പശുവിന്റെ പാൽ സമീപവാസികൾ വാങ്ങി ഉപയോഗിച്ചിട്ടുണ്ട്. പശുവിനെ പരിചരിച്ച വീട്ടുകാർ വാക്സിനേഷനെടുത്തു. വീട്ടിലെ മറ്റ് വളർത്ത് മൃഗങ്ങൾക്കും സമീപപ്രദേശത്തെ നായ്ക്കൾക്കും നഗരസഭയുടെ നേതൃത്വത്തിൽ ഇന്നുമുതൽ വാക്സിനേഷൻ നടത്തുമെന്ന് നഗരസഭ അറിയിച്ചു.