lahari

തിരുവനന്തപുരം: മിക്കിമൗസ്, സൂപ്പർമാൻ, കിംഗ് കോംഗ് ഉൾപ്പെടെയുള്ള കാർട്ടൂൺ കഥാപാത്രങ്ങളുടെയും മൊബൈൽ ഇമോജികളുടെയും ലേബൽ ഒട്ടിച്ച ലഹരി കലർന്ന മധുരപലഹാരങ്ങൾ സ്‌കൂൾ പരിസരങ്ങളിൽ വ്യാപകമാകുന്നു. സ്‌കൂൾകുട്ടികളെ ലക്ഷ്യമിട്ടാണ് ലഹരി മാഫിയയുടെ പുതിയ തന്ത്രം. ബബിൾ ഗമ്മിന്റെ രുചിയുള്ള ഈ പലഹാരം സംസ്ഥാനത്തെ ഒട്ടുമിക്ക സ്‌കൂൾ കാമ്പസുകൾക്ക് മുന്നിലും എത്തിക്കുന്നുണ്ട്. ലഹരി മൂടിയ പലഹാരമാണെന്ന് അറിയാതെയാണ് കച്ചവടക്കാർ വിൽക്കുന്നത്. വിദ്യാർത്ഥികളുടെ സ്വഭാവ മാറ്റം കണ്ട് സ്‌കൂളിൽ നടത്തുന്ന കൗൺസലിംഗുകളിലാണ് ഇക്കാര്യം പുറത്തറിഞ്ഞത്. നഗര- ഗ്രാമ വ്യത്യാസമില്ലാതെയാണ് ലഹരിമാഫിയ സ്‌കൂൾ പരിസരങ്ങളിൽ പിടിമുറുക്കുന്നതെന്ന് എക്‌സൈസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

പെട്രോൾ‍, ഫെവികോൾ‍, വൈറ്റ്‌നർ‍, നെയിൽ‍ പോളിഷ്, ഷൂ പോളിഷ്, ഷൂ ഒട്ടിക്കാൻ ‍ ഉപയോഗിക്കുന്ന പശ, വേദന സംഹാരി ഗുളികകൾ‍ തുടങ്ങിയവ ഉന്മാദം ലഭിക്കാൻ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

 ലഹരിക്കെണി

പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ കവറുകളിൽ പൊതിഞ്ഞ മിഠായികൾ കൗതുകത്തിനാണ് കുട്ടികൾ ആദ്യം വാങ്ങി കഴിക്കുക. ‍ ഒരാഴ്ച തുടർ‍ച്ചയായി കഴിക്കുന്നതോടെ കഴിക്കാതിരിക്കാൻ‍ പറ്റാത്ത അവസ്ഥയിലെത്തും. അങ്ങനെ കുട്ടികളെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വില്പനക്കാരുമാക്കുന്നതാണ് തന്ത്രം.

വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് .അടിയന്തര ഇടപെടൽ നടത്തും. സ്‌കൂൾ കാമ്പസുകൾക്കരികിലെ കടകളിൽ പരിശോധന കർശനമാക്കും.

അനന്തകൃഷ്‌ണൻ
എക്സൈസ് കമ്മിഷണർ