
തിരുവനന്തപുരം: ഉദ്‌ഘാടനം കഴിഞ്ഞ് രണ്ട് മാസമായിട്ടും ആരും തിരിഞ്ഞുനോക്കാതെ വേളി പൗണ്ടുകടവ് റോഡിലെ എ.പി.ജെ. അബ്ദുൾകലാം പാർക്ക്. ശരിയായ പരിപാലനം ഇല്ലാത്തതിനാലും സന്ദർശകരുടെ വരവ് കുറവായതിനാലും പാർക്കിന്റെ പലഭാഗങ്ങളും കാടുകയറി. കഴിഞ്ഞ ജൂലായ് 27നാണ് കേന്ദ്രപദ്ധതിയായ അമൃത് മിഷന്റെ ഭാഗമായി 5.5 കോടി രൂപ ചെലവാക്കി വി.എസ്.എസ്.സി അനുവദിച്ച 16 സെന്റ് സ്ഥലത്ത് പാർക്ക് നിർമ്മിച്ചത്. സംരക്ഷിക്കാൻ ആരുമില്ലാത്തതിനാൽ വിശ്രമകേന്ദ്രം നശിച്ചുപോകുമോ എന്നാണ് പ്രദേശവാസികളുടെ ആശങ്ക. പാർക്കിലെ ഇപ്പോഴത്തെ പ്രധാന പ്രശ്നം നായശല്യവും സാമൂഹ്യവിരുദ്ധരുടെ വിഹരിക്കലുമാണ്.
സെക്യൂരിറ്റിയുമില്ല സ്ഫേറ്റിയുമില്ല
വേളി - പൗണ്ടുകടവ് ഭാഗത്തെ റോഡരികിലെ മാലിന്യനിക്ഷേപത്തിന് അറുതിവരുത്താനാണ് ഈ പാർക്ക് നിർമ്മിച്ചത്. എന്നാൽ ഈ പാർക്ക് തന്നെ 'വേസ്റ്റ്' ആകുമോ എന്ന പേടിയാണിപ്പോൾ. പേരിനൊരു സെക്യൂരിറ്റി പോലും പാർക്കിലില്ല. രാത്രി വൈകിയാൽ സുരക്ഷ മാനിച്ച് പാർക്ക് പൂട്ടാനുള്ള സംവിധാനവുമില്ല. അതിനാൽത്തന്നെ രാത്രിയിൽ സാമൂഹ്യവിരുദ്ധരുടെ ശല്യവും ഇവിടുണ്ട്. പകലാണെങ്കിൽ നായശല്യവും.
സൗകര്യങ്ങളും ഏറെ
സൈക്കിൾ ട്രാക്ക്, ഹെർബൽ ഗാർഡൻ, നടപ്പാത, ഓപ്പൺ ജിം, ബെഞ്ചുകൾ, ടോയ്‌ലെറ്റുകൾ എന്നീ സൗകര്യങ്ങൾ ഉണ്ടെങ്കിലും ഇവയൊന്നും ഫലപ്രദമായി പ്രയോജനപ്പെടുത്താൻ ആരും താത്പര്യപ്പെടുന്നില്ല. ഹെർബൽ ഗാർഡൻ എന്ന് പറയുന്നിടത്ത് ഇപ്പോൾ പലയിനം പുല്ലുകളും വളരുന്നുണ്ട്. പാർക്കിനുള്ളിലെ ചെടികളിൽ വെള്ളമൊഴിക്കാനോ പാർക്കിനകം വൃത്തിയാക്കാനോ ജീവനക്കാരുമില്ല.
പരിപാലനം ആര് ഏറ്റെടുക്കും
തിരുവനന്തപുരം നഗരസഭയുടെ കീഴിൽ സ്മാർട്ട് സിറ്റി ലിമിറ്റഡാണ് എ.പി.ജെ. അബ്ദുൾകലാം പാർക്ക് നിർമ്മിച്ചത്. പാർക്കിൽ കലാമിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപടികളായിട്ടില്ല.നഗരസഭ മുൻകൈയെടുത്ത് പാർക്കിന്റെ സംരക്ഷണം ഏറ്റെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.