തിരുവനന്തപുരം: കൊവിഡൊക്കെ കഴിഞ്ഞ് കാണികളും കലാകാരന്മാരും സജീവമാകുന്നതിന്റെ സന്തോഷത്തോടെയാണ് താൻ ഇക്കുറി സൂര്യയിൽ ചുവടുവച്ചതെന്ന് നടി നവ്യാനായർ പറഞ്ഞു. അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും സൂര്യ നൃത്ത സംഗീതോത്സവത്തിൽ ഭരതനാട്യം അവതരിപ്പിക്കാനെത്തിയതായിരുന്നു താരം.

ഗണപതി പുഷ്പാഞ്ജലിയോടെ തുടങ്ങിയ നവ്യ ഹരഹരപ്രിയ രാഗത്തിലുള്ള പരമ്പരാഗത വർണത്തിലൂടെ പരമശിവനെയും സ്‌തുതിച്ചു. കൃഷ്ണനെ കാത്തിരിക്കുന്ന വിരഹിണിയായ ഗോപികയായും നവ്യ നിറഞ്ഞാടി. സ്വാതി തിരുനാൾ കീർത്തനത്തിലൂടെയാണ് നവ്യ വിരഹിണിയായ ഗോപികയായത്. പ്രശസ്‌ത ഒഡീസി നർത്തകി ഷർമ്മിള മുഖർജിയുടെയും സംഘത്തിന്റെയും ഒഡീസിയും ഇന്നലെ അരങ്ങേറി. ഇന്ന് വൈകിട്ട് 6.15ന് മധുമിത റോയിയും സംഘവും അവതരിപ്പിക്കുന്ന കഥകും 6.45ന് നടി ശോഭനയുടെ ഭതനാട്യവും എ.കെ.ജി ഹാളിൽ നടക്കും.