gh

വർക്കല: കഴിഞ്ഞ ദിവസം രാത്രി വർക്കല ഹെലിപ്പാഡിലെ റസ്റ്റോറന്റിൽ നടന്ന സംഘർഷത്തിനിടെ ഒരു റസ്റ്റോറന്റ് ജീവനക്കാരനും അക്രമം തടയാൻ എത്തിയ വർക്കല പൊലീസ് സ്റ്റേഷനിലെ രണ്ട് ടൂറിസം പൊലീസുകാർക്കും പരിക്കേറ്റു.

ശനിയാഴ്ച രാത്രി 10.45ഓടെയാണ് സംഭവം. റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനായി എത്തിയ രണ്ട് യുവാക്കൾക്ക് ഇരിപ്പിടം ലഭിക്കാത്തതിൽ പ്രകോപിതരായി റസ്റ്റോറന്റിലെ ജീവനക്കാരുമായി വാക്കേറ്റവും കൈയാങ്കളിയുമായി.

റസ്റ്റോറന്റിലെ ജീവനക്കാരനായ രാജേഷിനെ യുവാക്കൾ കൈയിൽ കരുതിയിരുന്ന ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ച് മാരകായി പരിക്കേൽപ്പിച്ചു. വിവരമറിഞ്ഞെത്തിയ വർക്കല ടൂറിസം പൊലീസുകാരായ സാംജിത്ത് (34), ജോജിൻരാജ് (32) എന്നിവരെയും യുവാക്കൾ ആക്രമിച്ച് പരിക്കേൽപ്പിച്ചു. ജോജിൻ രാജിന്റെ കൈക്ക് പൊട്ടലും, സാംജിത്തിന്റെ ദേഹമാസകലം മർദ്ദനമേൽക്കുകയും ചെയ്തു. പരിക്കേറ്റ പൊലീസുകാരെ നാട്ടുകാർ സമീപത്തുള്ള എയ്ഡ് പോസ്റ്റിലേക്ക് മാറ്റുകയായിരുന്നു, തുടർന്ന് എയ്ഡ് പോസ്റ്റിന്റെ നേർക്കും ആക്രമണം നടത്തിയ പ്രതികൾ വയർലെസ് സെറ്റ്, കസേരകൾ തുടങ്ങി ഇവിടെയുണ്ടായിരുന്ന ഉപകരണങ്ങളും നശിപ്പിച്ചു.

പ്രശ്നം വഷളായതിനെ തുടർന്ന് വർക്കല സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസെത്തി നാട്ടുകാരുടെ സഹായത്തോടെ യുവാക്കളെ പിടികൂടുകയായിരുന്നു. ആക്രമണം നടത്തിയ അയന്തി പുത്തൻ വീട്ടിൽ ധീരജ് (25), ആനാട് ഇരിഞ്ചയം ഗംഗാ നിവാസിൽ രതീഷ് കുമാർ (33) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാകാൻ വിസമ്മതിച്ച പ്രതികളെ ക്യാമ്പിൽ നിന്ന് കൂടുതൽ പൊലീസുകാരെയെത്തിച്ചാണ് ആശുപത്രിയിൽ എത്തിച്ചത്. ധീരജ് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും രതീഷ് കുമാറിന്റെ ക്രിമിനൽ പശ്ചാത്തലം പരിശോധിച്ചു

വരികയാണെന്നും പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ റസ്റ്റോറന്റ് ജീവനക്കാരനെയും പൊലീസുകാരെയും ആക്രമിച്ചതിനും നരഹത്യാ ശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തതായി വർക്കല എസ്.എച്ച്.ഒ സനോജ് അറിയിച്ചു. ആക്രമണത്തിന് ഇരയായ പൊലീസ് ഉദ്യോഗസ്ഥർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തലയ്ക്ക് പരിക്കേറ്റ റസ്റ്റോറന്റ് ജീവനക്കാരൻ രാജേഷും ചികിത്സയിലാണ്. വർക്കല പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ധീരജിനെയും രതീഷിനെയും പൊലീസ് മർദ്ദിച്ചതായി ബന്ധുക്കൾ ആരോപിച്ചു.