kuzhi

കാട്ടാക്കട: ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച റോഡിൽ ദിവസങ്ങൾക്കകം വലിയ കുഴിവീണ് റോഡ് അപകടകെണിയായി. നെയ്യാർഡാം റോഡിൽ വീരണകാവ് ഏഴാമൂഴി പാലത്തിന് സമീപത്താണ് റോഡിന്റെ ഒരു വശം ഇടിഞ്ഞു താഴ്ന്ന് വലിയ കുഴി രൂപപ്പെട്ടത്.

പൈപ്പ്ലൈനിന് വേണ്ടി വെട്ടി പൊളിച്ച റോഡ് അശാസ്ത്രീയമായി മൂടിയതും ഇത് പരിശോധിക്കാതെ ഇതിനു മുകളിലൂടെ ടാറിംഗ് നടത്തിയതുമാണിപ്പോൾ തകർന്നത്. ഇവിടെ ആറടിയോളം ആഴത്തിൽ ഒരു ഗർത്തം രൂപപ്പെട്ടതോടെ റോഡിൽ എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാവുന്ന നിലയിലാണെന്ന് പ്രദേശവാസികൾ പറയുന്നു.
ഇവിടെ രൂപപ്പെട്ട ഗർത്തം അഞ്ചടിയിൽ അധികം ആഴവും ഉള്ളിലേക്ക് വളരെ വ്യാസം ഉള്ളതും തുരങ്കത്തിന് സമാനവുമാണ്. വർഷങ്ങളായി പൂർണമായി തകർന്നു കിടന്നിരുന്ന റോഡ് ആഴ്ചകൾക്കു മുൻപാണ് ടാറിംഗ് നടന്നത്.