fire

തിരുവനന്തപുരം: വെള്ളയമ്പലം - ശാസ്തമംഗലം റോഡിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിന് തീപിടിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെ സൽവാ ഡൈൻ എന്ന റെസ്റ്റോറന്റിലാണ് അപകടം. ഭക്ഷണം കഴിക്കാനെത്തിയവരെ ഉടൻ സ്ഥലത്തുനിന്ന് നീക്കിയതിനാൽ ആർക്കും പരിക്കില്ല. തന്തൂരി അടുപ്പിൽ നിന്നും തീ പടർന്നതാണ് അപകടത്തിന് കാരണം.

താഴത്തെ നിലയിൽ സജ്ജീകരിച്ചിട്ടുള്ള അടുക്കള ഭാഗത്ത് നിന്ന് ഒന്നാം നിലയിലേക്ക് തീ പടർന്നു. ജീവനക്കാർ തീകെടുത്താനുള്ള ശ്രമം ആരംഭിച്ചിരുന്നെങ്കിലും ചെങ്കൽച്ചൂളയിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി മേൽക്കൂരയിൽ കയറിയും താഴെ നിന്നും വെള്ളം ചീറ്റിയുമാണ് ആളിപ്പടർന്ന തന്തൂരി അടുപ്പിലെ തീ കെടുത്തിയത്.

ഞായറാഴ്ച തിരക്ക് കുറവായതും രക്ഷാപ്രവർത്തനത്തിന് ഗുണമായി. റെസ്റ്റോറന്റിന് അധികം കേടുപാടുകളില്ലെന്ന് ഫയർഫോഴ്സ് അധികൃതർ വ്യക്തമാക്കി. കാസർകോട് സ്വദേശി ഇബ്രാഹീം ബാബയുടെതാണ് റെസ്റ്റോറന്റ്.