
മലയിൻകീഴ്: മാലിന്യ മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ജനകീയ ശുചീകരണ പദ്ധതിയുടെ ഭാഗമായി ശേഖരിച്ച ചെരുപ്പ്, ബാഗ് എന്നിവ നീക്കം ചെയ്യുന്ന ആദ്യ വാഹനത്തിന്റെ ഫ്ലാഗ് ഒഫ് ഐ.ബി. സതീഷ്.എം.എൽ.എ.നിർവഹിച്ചു.വിളവൂർക്കൽ പഞ്ചായത്തിൽ നടന്ന മണ്ഡലതല ഉദ്ഘാടന യോഗത്തിൽ വിളവൂർക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ലാലി അദ്ധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ടി.ബാലഭാസ്കരൻ,ക്ലീൻ കേരള കമ്പനി മാനേജിംഗ് ഡയറക്ടർ അഡ്വ. ജി.കെ.സുരേഷ്‌കുമാർ, ഭൂവിനിയോഗ കമ്മീഷണർ എ.നിസാമുദ്ദീൻ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ഫൈസി.എ എന്നിവരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. മികച്ച പ്രവർത്തനം നടത്തിയ ഗ്രാമ പഞ്ചായത്തിനെയും ഹരിത കർമ്മ സേന അംഗങ്ങളെയും യോഗത്തിൽ എം.എൽ.എ അനുമോദിച്ചു. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ക്യാമ്പയിൻ അടിസ്ഥാനത്തിൽ ഉപയോഗ ശൂന്യമായ ചെരിപ്പ്, ബാഗ്, തുണി, ഗ്ലാസ്, ഇ-വേസ്റ്റ്, ബൾബ്, ട്യൂബ് ലൈറ്റ് എന്നിവ ഒരു സ്പെഷ്യൽ ഡ്രൈവിലൂടെ ശേഖരിച്ചു പഞ്ചായത്തിലെ ഒരു കേന്ദ്രത്തിൽ എത്തിയ്ക്കും. 15ന് തുണിത്തരങ്ങൾ, 22ന് ചില്ല് മാലിന്യങ്ങൾ, 29ന് ഇ-വേസ്റ്റ്, ബൾബ്, ട്യൂബ് ലൈറ്റ് എന്നിവ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. മണ്ഡലത്തിലെ ആറ് ഗ്രാമപഞ്ചായത്തിലും ഓരോ കളക്ഷൻ സെന്റർ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.