rajendran

തിരുവനന്തപുരം: കഴിഞ്ഞദിവസം നിര്യാതനായ ഡോ.എ.കെ.രാജേന്ദ്രന്റെ നിര്യാണത്തോടെ തലസ്ഥാന നഗരത്തിന് നഷ്‌ടമായത് ആയുർവേദ ഡോക്‌ടർമാർക്കിടയിലെ കൈപ്പുണ്യമാണ്. ആനയറയിലെ അർച്ചന ആയുർവേദ ഡിസ്‌പെൻസറിയിലൂടെ ഡോ.രാജേന്ദ്രൻ രോഗികളുടെ ശരീരത്തിന് മാത്രമല്ല മനസിനും ഉണർവേകി. നാല് പതിറ്റാണ്ടോളം ആയുർവേദ രംഗത്തെ സൗമ്യസാന്നിദ്ധ്യമായിരുന്നു അദ്ദേഹം.

ഹരിപ്പാട് കാരിച്ചാൽ ആലുമൂട്ടിൽ വടക്കേതിൽ വൈദ്യകലാനിധി കൃഷ്‌ണൻ വൈദ്യന്റെയും അദ്ധ്യാപികയായിരുന്ന ലക്ഷ്‌മികുട്ടിഅമ്മയുടെയും മകനായിട്ടാണ് ജനനം. ആയുർവേദ പാരമ്പര്യം പിതാവിൽ നിന്നാണ് രാജേന്ദ്രൻ സ്വായത്തമാക്കിയത്. തിരുവനന്തപുരം ആയുർവേദ കോളേജിലെ പഠനത്തിനുശേഷം പെരിനാട് കുഞ്ഞിരാമൻ വൈദ്യരുടെ പൗരസ്‌ത്യ ഫാർമസിയിലായിരുന്നു പരിശീലനം. പേട്ടയിലെ കോട്ടയ്‌ക്കൽ ആര്യവൈദ്യശാലാ ഡി‌സ്‌പെൻസറിയിൽ കൺസൾട്ടന്റ് ഡോക്‌ടറായിരുന്നു. അതിനുശേഷമാണ് ആനയറയിൽ സ്വന്തമായി അർച്ചന ആയുർവേദ ഡിസ്‌പെൻസറി തുടങ്ങുന്നത്. സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖർ അദ്ദേഹത്തിന്റെ ചികിത്സ തേടി എത്തുമായിരുന്നു. വിദേശത്തുളള പലരും ഫോണിലൂടെയും അദ്ദേഹത്തിൽ നിന്ന് ചികിത്സ തേടിയിരുന്നു. കർക്കടകമാസ ചികിത്സയ്‌ക്കായി നിരവധി പേരാണ് അദ്ദേഹത്തിന്റെ അടുത്തെത്തിയിരുന്നത്. പിഴിച്ചിലിനും കിഴിയിടലിനും പേരുകേട്ട ഡോ.രാജേന്ദ്രൻ, പലർക്കും മാറ്റാൻ കഴിയാത്ത കാലുവേദനയും മുട്ടുവേദനയും കഴുത്തുവേദനയും മാറ്റിയിരുന്നു. ഡിസ്‌പെൻസറിയിൽ വച്ച് കഴിഞ്ഞ 18നാണ് അദ്ദേഹത്തിന് പക്ഷാഘാതം സംഭവിച്ചത്. ചികിത്സയിലിരിക്കെ വെളളിയാഴ്‌ച മരണം സംഭവിച്ചു. ആയുർവേദ കോളേജിലെ 1978-83 ബാച്ച് പൂർവവിദ്യാർത്ഥി കൂട്ടായ്‌മയായ സംഗമത്തിലെ സജീവ അംഗമായിരുന്നു. സഹപാഠിയും സംഗമം രക്ഷാധികാരിയുമായ പങ്കജകസ്‌തൂരി ഗ്രൂപ്പ് എം.ഡി ഡോ.ഹരീന്ദ്രൻ നായർ മരണാന്തര ചടങ്ങുകളിൽ ആദ്യാവസാനമുണ്ടായിരുന്നു. ഭാര്യ: ജയശ്രീ. മക്കൾ: ഡോ.അ‌ർച്ചന രാജ്, അരവിന്ദ് രാജ് (ലുഫ്‌താൻസ,ബംഗളൂരു), മരുമകൻ: അഡ്വ.ശ്രുതീഷ്. പരേതനായ കെ.ഗോപിനാഥൻ (എ.ഇ.ഒ). ഡോ.കെ.രാമകൃഷ്‌ണൻ, പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഗോപാലകൃഷ്‌ണൻ, കേരളകൗമുദി സീനിയർ സബ് എഡിറ്ററായിരുന്ന എ.കെ. ഭാസ്‌ക്കരൻ,ധനകാര്യ വകുപ്പ് അണ്ടർസെക്രട്ടറിയായിരുന്ന ശാന്തകുമാരി, ജയിൽ വെൽഫെയർ ഓഫീസറായിരുന്ന തങ്കമണി,വത്സലകുമാരി എന്നിവരാണ് സഹോദരങ്ങൾ. മുൻ ആരോഗ്യ-വിദ്യാഭ്യാസ ഡയറക്‌ടർ പി.കെ.മോഹൻലാൽ സഹോദരീഭർത്താവാണ്. സഞ്ചയനം 13ന് രാവിലെ 8ന് നടക്കും.