kovalam

കോവളം: വിഴിഞ്ഞം തുറമുഖ പദ്ധതി ഉടൻ യാഥാർത്ഥ്യമാക്കണമെന്നും മുല്ലൂരിലെ തുറമുഖ കവാടത്തിന് മുൻവശത്തെ സമരപ്പന്തൽ കോടതി വിധിയെ തുടർന്ന് പൊളിച്ചുമാറ്റാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ പ്രതിഷേധ റാലി നടത്തി.

കോവളം യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ. സുരേഷ് റാലി ഉദ്ഘാടനം ചെയ്‌തു. മുല്ലൂർ കലുങ്ക് നട ജംഗ്ഷനിൽ പ്രാദേശിക കൂട്ടായ്‌മയുടെ സമരപ്പന്തലിൽ നടന്ന യോഗത്തിൽ പ്രാദേശിക കൂട്ടായ്‌മ ചെയർമാൻ വെങ്ങാനൂർ ഗോപകുമാർ അദ്ധ്യക്ഷനായിരുന്നു. സമരപ്പന്തൽ പൊളിച്ചുമാറ്റാൻ പൊലീസ് തയ്യാറായില്ലെങ്കിൽ ജില്ലയിലെ മുഴുവൻ യൂണിയനുകളെയും സംഘടിപ്പിച്ച് വൻ പ്രതിഷേധറാലി സംഘടിപ്പിക്കുമെന്നും ടി.എൻ. സുരേഷ് പറഞ്ഞു.

കൂട്ടായ്‌മ കൺവീനർ മുക്കോല സന്തോഷ്, യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ, ആർ. വിശ്വനാഥൻ, കരുംകുളം പ്രസാദ്, മണ്ണിൽ മനോഹരൻ, കട്ടച്ചൽക്കുഴി​ പ്രദീപ്, മംഗലത്തുകോണം തുളസീധരൻ, പുന്നമൂട് സുധാകരൻ, വേങ്ങപ്പൊറ്റ സനിൽ, ഡോ. നന്ദകുമാർ, പി. സുകേശൻ, വനിതാ സംഘം കേന്ദ്ര കമ്മിറ്റി ട്രഷറർ ഗീതാ മധു, എച്ച്. സുകുമാരി, അനിതാ രാജേന്ദ്രൻ, യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ മുല്ലൂർ വിനോദ് കുമാർ, അരുമാനൂർ ദീപു തുടങ്ങിയവർ സംസാരിച്ചു.