organa

@ 6 പേർക്ക് ജീവിതം നൽകിയത് അനിതയുടെ കുടുംബം

തിരുവനന്തപുരം : ആറ് വർഷമായി ഡയാലിസിസുമായി ജീവിതം തള്ളിനീക്കിയ കൊല്ലം ചവറ സ്വദേശി സുഭാഷ് (33) വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് ഇന്ന് വീട്ടിലേക്ക് മടങ്ങും. സെപ്തംബർ 21ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. കിംസ് ആശുപത്രിയിൽ മസ്തിഷ്‌ക മരണം സംഭവിച്ച അനിതയുടെ വൃക്കയാണ് സുഭാഷിന് ലഭിച്ചത്. അകാലത്തിൽ ജീവൻ പൊലിഞ്ഞ നാഗർകോവിൽ സ്വദേശി അനിതയുടെ (42) ബന്ധുക്കൾ എടുത്ത തീരുമാനം സുഭാഷ് ഉൾപ്പെടെ 6 പേർക്കാണ് പുതുജീവൻ സമ്മാനിച്ചത്. അനിതയുടെ കരൾ, രണ്ട് വൃക്കകൾ, രണ്ട് കണ്ണുകൾ, കൈകൾ എന്നിവയാണ് ദാനം ചെയ്തത്. തലച്ചോറിലെ അമിതമായ രക്തസ്രാവം കാരണമാണ് അനിതയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചത്. 20ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച അനിതയുടെ അവയവങ്ങൾ 21നാണ് കൈമാറിയത്. അവയവം സ്വീകരിച്ച എല്ലാവരും സുഖംപ്രാപിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

സർക്കാരിന്റെ അവയവദാന ഏജൻസിയായ കെ സോട്ടോയിലൂടെയാണ് അവയവ വിന്യാസം നടത്തിയത്. നിരവധി രോഗികൾക്ക് മസ്തിഷ്‌ക മരണം സംഭവിക്കാറുണ്ടെങ്കിലും അവബോധമില്ലാത്തതിനാൽ അവയവം ദാനം ചെയ്യാറില്ല. വൃക്ക, കരൾ, ഹൃദയം, ശ്വാസകോശം, കണ്ണ്, കൈകൾ ഇങ്ങനെ നിരവധി ശരീരഭാഗങ്ങൾ മാറ്റിവയ്ക്കാനാകുമെന്നതിനാൽ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ സാധിക്കും.