s

തിരുവനന്തപുരം; കേരളത്തിലെ ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെ ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകൾക്ക് ബ്രിട്ടനിൽ തൊഴിൽ കുടിയേറ്റം സാദ്ധ്യമാക്കാൻ സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പിട്ടു. തുടക്കത്തിൽ 3,000ത്തിലധികം ഒഴിവുകളിലാണ് സാദ്ധ്യത. ഇതിനായി നവംബറിൽ യു.കെ എംപ്ലോയ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കും.

ലണ്ടനിൽ നടന്ന യൂറോപ്പ് - യു.കെ മേഖലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ധാരണാപത്രം ഒപ്പിട്ടത്.

നോർക്ക റൂട്ട്സും ബ്രിട്ടനിൽ നാഷണൽ ഹെൽത്ത് സർവ്വീസിന്റെ സേവനങ്ങൾ ലഭ്യമാക്കുന്ന ദി നാവിഗോ ആൻഡ് ഹമ്പർ ഹെൽത്തുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. നോർക്ക റൂട്ട്സ് സി.ഇ.ഒ. ഹരികൃഷ്ണൻ നമ്പൂതിരിയിൽ നിന്ന് നാവിഗോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മൈക്കേൽ റീവ് ധാരണാപത്രം ഏറ്റു വാങ്ങി. ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ റിക്രൂട്ട്‌മെന്റ് ടാസ്‌ക്‌ഫോഴ്സ് ഡെപ്യൂട്ടി ഹെഡ്‌ ഡേവ് ഹൊവാർത്ത്, ഡോ. ജോജി കുര്യാക്കോസ്, ഡോ. സിവിൻ സാം, ജനറൽ മാനേജർ അജിത്ത്‌ കോളശേരി എന്നിവരും പങ്കെടുത്തു.