d

തിരുവനന്തപുരം: ഭാര്യാസഹോദരനെ ഗുണ്ടകളുമായി ചേർന്ന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളെയും കൂട്ടാളികളെയും വലിയതുറ പൊലീസ് അറസ്റ്റുചെയ്‌തു. വലിയതുറ കിണറ്റടി വിളാകം ടി.സി 34/376ൽ അലക്‌സ് സേവ്യർ (38), ശംഖുംമുഖം സ്വദേശികളായ കരടി ജോസ് എന്ന വിൻസി സേവ്യർ ( 42 ),​ ലൗസൺ ( 37) എന്നിവരെയാണ് പുല്ലുവിള ഗോതമ്പ് റോഡിൽ നിന്ന് പിടികൂടിയത്.

6ന് ഓട്ടോ ഡ്രൈവറായ വലിയതുറ വലിയതോപ്പ് പള്ളിക്ക് സമീപത്തെ റോജൻ മൈക്കിളിനെയാണ് കാറിലെത്തിയ സംഘം തടഞ്ഞുനിറുത്തി ആക്രമിച്ചത്. പരിക്കേറ്റ റോജൻ ഇപ്പോഴും മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. റോജന്റെ സഹോദരീഭർത്താവാണ് മുഖ്യപ്രതി അലക്‌സ് സേവ്യർ. സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച തർക്കത്തെ തുടർന്നാണ് റോജനെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

കേസിൽ ഇനി രണ്ട് പ്രതികൾ കൂടി അറസ്റ്റിലാകാനുണ്ട്. ശംഖുംമുഖം അസ്സിസ്റ്റന്റ് കമ്മിഷണർ ഡി.കെ. പൃഥ്വിരാജിന്റെ നിർദ്ദേശപ്രകാരം വലിയതുറ സി.ഐ സതികുമാർ.ടി, എസ്.ഐമാരായ അഭിലാഷ്.എം. അലീനാ സൈറസ്, സി.പി.ഒമാരായ മനു, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്‌തു.