
പാലോട്: ജനിച്ച മണ്ണിന് പട്ടയമെന്ന ആവശ്യവുമായി മുപ്പതിലധികം കുടുംബങ്ങൾ അധികൃതരുടെ കനിവ് തേടാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. നന്ദിയോട് പഞ്ചായത്തിലെ നവോദയ വാർഡിലെ കുറുങ്ങണം പ്രദേശവാസികളാണ് 80 വർഷമായി ഓഫീസുകൾ കയറിയിറങ്ങുന്നത്. താമസിക്കുന്ന മണ്ണിന് പട്ടയമോ കൈവശരേഖയോ ഇല്ലാത്തതിനാൽ സർക്കാർ പ്രഖ്യാപിക്കുന്ന സഹായങ്ങളെല്ലാം ഇവരുടെ പടിക്ക് പുറത്താണ്. ചോർന്നൊലിച്ച് നിലംപതിക്കാറായ വീടുകളിലാണ് പലരുടെയും താമസം. ഇക്കാര്യം അധികൃതർക്കും അറിവുള്ളതാണെങ്കിലും തിരഞ്ഞെടുപ്പെത്തുമ്പോൾ മാത്രമാണ് ഇവിടുത്തുകാരും തങ്ങളുടെ വോട്ടർമാരാണെന്ന് ഏമാൻമാർ തിരിച്ചറിയുന്നത്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്തും അടിയന്തരമായി പട്ടയം നൽകുമെന്ന വാഗ്ദാനം എല്ലാ രാഷ്ട്രീയക്കാരും ഇവർക്ക് നൽകിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എല്ലാം മറന്നമട്ടാണ്.
കുറുങ്ങണം പ്രദേശവാസികളായ എഴുപതോളം കുടുംബങ്ങൾക്ക് എട്ടു പതിറ്റാണ്ടുകളായി താമസിക്കുന്ന ഭൂമിക്ക് പട്ടയം ലഭ്യമാകാത്തതിനെ തുടർന്ന് ഇവരനുഭവിക്കുന്ന ബുദ്ധിമുട്ട് കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇതേ തുടർന്ന് റവന്യൂ മന്ത്രി ഇടപെടുകയും കുറുങ്ങണം പ്രദേശത്തെ അർഹരായവർക്ക് പട്ടയം നൽകുന്നതിനുവേണ്ട അടിയന്തര നടപടി സ്വീകരിക്കാൻ നെടുമങ്ങാട് തഹസീൽദാർക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. മന്ത്രിക്ക് തഹസീൽദാർ നൽകിയ റിപ്പോർട്ടിൽ 1997 ജനുവരി 1ന് വനഭൂമി കൈവശം വച്ച് വരുന്നവർക്ക് പട്ടയം നൽകുന്നതിന്റെ ഭാഗമായി വനം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായി പരിശോധന നടത്തി. ശേഷം കൈവശ സ്ഥലത്തിന്റെ ജി.പി.എസ് കോ-ഓർഡിനേറ്റ്സ് എടുക്കുന്ന നടപടികൾ പൂർത്തിയായതായി അറിയിച്ചു. ഇതിന്റെ ഭാഗമായി അധികം വൈകാതെ തന്നെ പട്ടയം നൽകുമെന്ന് റവന്യൂ വകുപ്പ് അധികൃതർ അറിയിച്ചെങ്കിലും തുടർനടപടികളൊന്നുമുണ്ടായില്ല.