
സി.പി.ഐ വെള്ളിയാഴ്ച 24ാം പാർട്ടി കോൺഗ്രസിലേക്ക് കടക്കുന്നു. കൊല്ലത്ത് നടന്ന കഴിഞ്ഞ പാർട്ടി കോൺഗ്രസിന് ശേഷം നാലുവർഷവും ആറ് മാസവുമാകുമ്പോഴാണ് ഇത്തവണ പാർട്ടി കോൺഗ്രസ്. കൊവിഡ് മഹാമാരിയും കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പുമെല്ലാം കാരണമാണ് കഴിഞ്ഞവർഷം ഏപ്രിലിൽ നടക്കേണ്ടിയിരുന്ന പാർട്ടി കോൺഗ്രസിന് ഇത്രയും കാലതാമസമെടുത്തത്. അതിന് മുന്നോടിയായുള്ള കീഴ്ഘടക സമ്മേളനങ്ങളെല്ലാം പൂർത്തിയായി. എല്ലാ സംസ്ഥാന സമ്മേളനങ്ങളും പൂർത്തിയായിക്കഴിഞ്ഞു. അവസാനത്തെ സംസ്ഥാനസമ്മേളനം ഛത്തീസ്ഗഢിലായിരുന്നു. അതിന് തൊട്ടുമുമ്പ് നടന്നത് കേരളത്തിലും. കേരളമാണ് സി.പി.ഐയെ സംബന്ധിച്ചിടത്തോളം ഏറ്റവും ശക്തമായഘടകം. അതുകൊണ്ടുതന്നെ ഇന്ത്യയൊട്ടാകെ നടന്ന സംസ്ഥാനസമ്മേളനങ്ങളിലും വച്ച് ശ്രദ്ധിക്കപ്പെട്ട സമ്മേളനവും കേരളത്തിലേതായിരുന്നു. സംഘാടക മികവിനാലും പ്രതിനിധി പങ്കാളിത്തത്താലും ശ്രദ്ധിക്കപ്പെട്ട സമ്മേളനമായി കേരളത്തിലേത്. അസ്വാരസ്യങ്ങൾ രൂക്ഷമായി പ്രകടമായ സമ്മേളനവുമായിരുന്നു കേരളത്തിലേത്.
ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ ഏകഭരണം നടക്കുന്ന സംസ്ഥാനമാണ് ഇപ്പോൾ കേരളം. പശ്ചിമബംഗാളിലെ ഇടതുപ്രതാപം അസ്തമിച്ച് ഒരു പതിറ്റാണ്ടാകുന്നു. ത്രിപുരയിലും കോട്ട തകർന്നു. ദേശീയതലത്തിൽ ഇടത് ഏകോപനസമിതിയൊക്കെ ഇപ്പോഴുമുണ്ട്. സി.പി.എമ്മിനെയും സി.പി.ഐയെയും കൂടാതെ ആർ.എസ്.പിയും ഫോർവേഡ് ബ്ലോക്കും സി.പി.ഐ എം.എല്ലും ഇതിനകത്തുണ്ട്. എന്നാൽ കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ ഏകോദരസഹോദരങ്ങളായി വർത്തിക്കുന്നത് സി.പി.എമ്മും സി.പി.ഐയും മാത്രമാണ്. ആർ.എസ്.പിയും ഫോർവേഡ് ബ്ലോക്കും കേരളത്തിൽ യു.ഡി.എഫ് മുന്നണിയിലാണ്.
കേരളത്തിലെ സവിശേഷമായ സാഹചര്യവും ഇന്ത്യയിലെ ഏകഭരണം നടക്കുന്ന സംസ്ഥാനമെന്ന നിലയിലും സി.പി.എമ്മും സി.പി.ഐയും തമ്മിലെ യോജിപ്പിനാണ് ഊഷ്മളത കൂടുതൽ. ദേശീയതലത്തിലും സംസ്ഥാനതലത്തിലും അസ്വാരസ്യങ്ങളില്ലാതെയാണ് കുറേ നാളുകളായി ഇരുപാർട്ടികളുടെയും മുന്നോട്ടു പോക്ക്. ഈ സവിശേഷ സാഹചര്യത്തിൽ കേരളത്തിൽ 2021ൽ തുടർഭരണം കൂടി ഇടതുമുന്നണി സ്വന്തമാക്കി.
ഇടതുമുന്നണിയിലെ തിരുത്തൽശക്തി എന്ന പരിവേഷമൊക്കെ സി.പി.ഐ അഴിച്ചുവച്ച് ഭരണത്തിൽ ഭ്രമിച്ചിരിക്കുകയാണെന്ന് ആ പാർട്ടിക്കുള്ളിൽ മുറുമുറുപ്പുകളുയരാതില്ല. എന്നാൽ ദേശീയതലത്തിലെ ഇടത് ഐക്യം പരമപ്രധാനമാണെന്നും കേരളത്തിൽ ഇരുപാർട്ടികളും പരസ്പരം പോരടിച്ച് നിന്നാൽ അത് മുന്നണിയുടെ കെട്ടുറപ്പിനെയും അതുവഴി ഭരണത്തെയും പ്രതികൂലമായി ബാധിക്കുമെന്നും ഇരുപാർട്ടി നേതൃത്വങ്ങളും കാണുന്നു. 1964ലെ പിളർപ്പിന് ശേഷമിങ്ങോട്ട് നോക്കിയാൽ സി.പി.ഐയുടെ അസ്തിത്വം തന്നെ സി.പി.എം വിമർശനത്തിലൂടെയാണെന്ന തോന്നലുളവാക്കിയിട്ടുണ്ട് പലപ്പോഴും. ഇടതുമുന്നണി സംവിധാനം ഇന്നത്തെ നിലയിൽ 1980 മുതൽ ആരംഭിച്ച ശേഷമിങ്ങോട്ട് ഇരുപാർട്ടികളും ഒരുമിച്ചു തന്നെയാണ് നീങ്ങുന്നത് എങ്കിലും ഇടയ്ക്കിടയ്ക്ക് പരസ്പരം കുത്തുവാക്കുകളെറിയുന്ന രീതി തുടർന്നുകൊണ്ടിരുന്നു. ഭരണത്തിലിരിക്കുമ്പോൾ സി.പി.ഐ പല സന്ദർഭങ്ങളിലും കടുത്ത വിമർശനങ്ങളുയർത്തി സി.പി.എമ്മിനെ വിഷമവൃത്തത്തിലാക്കാറുണ്ട്.
കഴിഞ്ഞ ഒന്നാം പിണറായി ഭരണകാലത്ത് മാവോയിസ്റ്റ് വേട്ട, യു.എ.പി.എ ചുമത്തി രണ്ട് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത് എന്നീ വിഷയങ്ങളിലൊക്കെ സി.പി.ഐ അതിനിശിത വിമർശനമുയർത്തി സി.പി.എമ്മിനെയും ആഭ്യന്തരവകുപ്പിനെയും പ്രതിരോധത്തിലാക്കി. പിന്നീട് എൻ.സി.പി മന്ത്രിയായ തോമസ് ചാണ്ടി കായൽകൈയേറ്റവുമായി ബന്ധപ്പെട്ട കേസിൽ രാജിവയ്ക്കേണ്ടിവന്ന അവസ്ഥ വരെയെത്തിയ സന്ദർഭത്തിൽ, മന്ത്രിസഭായോഗത്തിൽ മന്ത്രി ചാണ്ടി പങ്കെടുത്തതിൽ പ്രതിഷേധിച്ച് മന്ത്രിസഭായോഗം തന്നെ സി.പി.ഐ മന്ത്രിമാർ ബഹിഷ്കരിച്ചത് വലിയ കോലാഹലമാണുണ്ടാക്കിയത്. സി.പി.ഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിന് തുല്യമാണെന്ന് കാട്ടി പ്രതിപക്ഷം ബഹളമുയർത്തിയപ്പോൾ സി.പി.എം ശരിക്കും പ്രതിരോധത്തിലായി.
അത് സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും വല്ലാതെ പ്രകോപിപ്പിച്ചുവെന്നത് വാസ്തവമാണ്. ഇരുപാർട്ടികളുടെയും കേന്ദ്ര നേതൃത്വങ്ങൾ വിഷയത്തിലിടപെട്ടു. മേലിൽ സർക്കാരിനെ മുൾമുനയിലാക്കുന്ന നീക്കങ്ങളൊന്നും പാടില്ലെന്ന ധാരണയുണ്ടായി. ഇരുപാർട്ടി നേതൃത്വങ്ങളും തമ്മിലെ ഏകോപനയോഗങ്ങൾ സജീവമാക്കി. പിന്നീടിങ്ങോട്ട് അല്ലലില്ലാതെയാണ് പോക്ക്.
എന്നാൽ സി.പി.ഐയുടെ നിലവിലെ സംസ്ഥാന നേതൃത്വത്തിന്റെ അസാധാരണമാം വിധത്തിലുള്ള കീഴടങ്ങലായാണ് പാർട്ടി അണികൾ ഇതിനെ കാണുന്നത്. തിരുത്തൽ ശക്തിയായി നിന്ന് ഇടതുവ്യതിയാനങ്ങളെ തിരുത്തേണ്ട ഘട്ടത്തിൽപ്പോലും സി.പി.ഐ ഇടപെടുന്നില്ലെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് സമ്മേളനങ്ങളിലേക്ക് പാർട്ടി കടന്നത്.
സമ്മേളനങ്ങളിൽ സ്വാഭാവികമായും വിമർശനങ്ങൾ ശക്തമായി. ഇതിനെ അവസരമായി പാർട്ടിക്കുള്ളിലെ ഒരു വിഭാഗം മുതലെടുക്കാൻ ശ്രമമാരംഭിച്ചു. എന്നാൽ, സി.പി.ഐയുടെ സംസ്ഥാനത്തെ നിലവിലെ നേതൃത്വം അതിശക്തമായിരുന്നതിനാൽ ഇതിനെയെല്ലാം അതിജീവിച്ചു. കാനം രാജേന്ദ്രൻ സി.പി.ഐ നേതൃനിരയിലെത്തിയ ശേഷം പാർട്ടിയിൽ ഒരു വിഭാഗത്തിന്റെ സ്വാധീനം കുറേശ്ശെയായി ഇല്ലാതായിക്കൊണ്ടിരിക്കുകയായിരുന്നു 2015 ൽ കോട്ടയത്ത് വച്ച് കാനം ആദ്യം സംസ്ഥാന സെക്രട്ടറിയായി. പന്ന്യൻ രവീന്ദ്രൻ ആ സമ്മേളനത്തിൽ ഒഴിഞ്ഞു.
കെ.ഇ. ഇസ്മായിൽ ഒരു മത്സരത്തിനുള്ള മാനസികാവസ്ഥ ആദ്യം പ്രകടിപ്പിച്ചിരുന്നെങ്കിലും അവസാനം അദ്ദേഹം പിന്മാറി. പാർട്ടിക്കുള്ളിൽ മത്സരം വേണ്ടെന്ന് തീരുമാനിച്ചു. വിവിധ ജില്ലകളിലൂടെ കാനം രാജേന്ദ്രൻ സംഭരിച്ച ശക്തി മനസ്സിലാക്കിയിട്ട് കൂടിയായിരുന്നു ഈ നീക്കമെന്ന് വേണം കരുതാൻ. എന്തായാലും കാനം അന്ന് സെക്രട്ടറിയായി. പിന്നീടിങ്ങോട്ട് ഇസ്മായിൽ ദേശീയനേതൃത്വത്തിൽ മുൻനിരയിൽത്തന്നെ തുടർന്നുവന്നതൊഴിച്ചാൽ പണ്ട് വെളിയം ഭാർഗവന്റെ പ്രതാപകാലത്തെ വൻകിട നേതാക്കളെല്ലാം അപ്രസക്തരാവുന്നതോ പാർട്ടിയിൽത്തന്നെ തീർത്തും ഒതുക്കപ്പെടുന്നതോ ആണ് കണ്ടത്.
2018ൽ കാനം വീണ്ടും മലപ്പുറത്ത് വച്ച് സെക്രട്ടറിയായി. അദ്ദേഹത്തിന്റെ പ്രതാപകാലം തുടർന്നു. എന്നാൽ സമീപകാലത്ത് കൊല്ലം ജില്ലയിലെ പാർട്ടിക്കകത്ത് ഉരുണ്ടുകൂടിയ വിഭാഗീയത, അതുവരെയും കാനത്തിന്റെ വിശ്വസ്തനായിരുന്ന സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബുവിനെ അല്പം അകറ്റി. പ്രകാശ് ബാബുവിനെ ഇറക്കി കളിക്കാമെന്ന കണക്കുകൂട്ടലും അമിതമായ നിലയിൽ സി.പി.എമ്മിനോട് കാട്ടുന്ന വിധേയത്വത്തിനെതിരെ പാർട്ടിക്കകത്ത് ഉയരുന്ന അമർഷങ്ങളുമെല്ലാം അനുകൂലമാകുമെന്ന അതിരു കവിഞ്ഞ പ്രതീക്ഷയാണ് സി.പി.ഐയുടെ തിരുവനന്തപുരം സംസ്ഥാനസമ്മേളനത്തെ തുടക്കം മുതലേ ആകാംക്ഷാഭരിതമാക്കിയത്. എന്നാൽ ഒന്നും സംഭവിച്ചില്ല. കാനം രാജേന്ദ്രന്റെ അധീശത്വം തുടരുന്നു പാർട്ടിയിൽ. പക്ഷേ, സി.പി.ഐക്കകത്ത് വിഭാഗീയത വെറും കനലല്ലെന്ന പ്രതീതി സമൂഹമദ്ധ്യത്തിലുണർത്താൻ തിരുവനന്തപുരം സംസ്ഥാനസമ്മേളനത്തിന് മുന്നോടിയായുണ്ടായ തർക്ക-വിതർക്കങ്ങൾ വഴിവച്ചു എന്നതാണ് ആത്യന്തികഫലം.
പ്രായപരിധി- മോഹങ്ങളും
മോഹഭംഗങ്ങളും
വിജയവാഡയിൽ 14ന് ആരംഭിക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിന് മുന്നോടിയായി സി.പി.ഐയുടെ ദേശീയ കൗൺസിൽ പുറത്തിറക്കിയ മാർഗരേഖ പാർട്ടിക്കുള്ളിലെ വിഭാഗീയത ഊതിക്കത്തിക്കാൻ പോന്ന ഇന്ധനമായി എന്നതും കൗതുകകരമായി. പാർട്ടി ദേശീയ, സംസ്ഥാന കൗൺസിലുകളിലെയും മറ്റ് വിവിധ ഘടകങ്ങളിലെയും അംഗങ്ങൾക്കുള്ള ഉയർന്ന പ്രായപരിധി 75 വയസ്സായി നിജപ്പെടുത്താനാണ് ദേശീയ കൗൺസിൽ മുന്നോട്ടുവച്ച മാർഗരേഖ. ഈ മാർഗരേഖ സംസ്ഥാന കൗൺസിലുകൾ ചർച്ച ചെയ്ത് നടപ്പാക്കണം. അന്തിമമായി പാർട്ടി കോൺഗ്രസ് ചർച്ചചെയ്ത് പാർട്ടി ഭരണഘടനയിൽ ഭേദഗതി വരുത്തി അംഗീകരിക്കണം. സി.പി.എമ്മിൽ ഇത് ഭംഗിയായും അസ്വാരസ്യങ്ങളില്ലാതെയും നടപ്പാക്കിയെടുത്തു. എന്നാൽ സി.പി.ഐയിൽ സ്ഥിതി നേരേ മറിച്ചായി. പ്രത്യേകിച്ചും കേരള പാർട്ടിയിൽ ഇത് ചൂടുപിടിച്ച വിവാദമായി. 75 വയസ്സ് പ്രായപരിധി മാർഗരേഖയ്ക്ക് പുറമേ, കേരളത്തിന്റെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് പുതിയ ആളുകൾക്കും ചെറുപ്പക്കാർക്കും പാർട്ടിക്കകത്ത് കൂടുതൽ അവസരങ്ങൾ നൽകുന്നതിനായി കൂടുതൽ നിർദ്ദേശങ്ങൾ കൊണ്ടുവന്നു. ജില്ലാ സെക്രട്ടറിമാർക്ക് 65 വയസ്സ് പ്രായപരിധി, അമ്പത് വയസ്സിൽ താഴെയുള്ളവർ നാല്പത് ശതമാനം, പതിനഞ്ച് ശതമാനം വനിതകൾ എന്നീ നിബന്ധനകളെല്ലാം സി.പി.ഐ താഴെത്തട്ട് മുതൽ സമ്മേളനങ്ങളിലൂടെ ചർച്ച ചെയ്ത് നടപ്പാക്കി.
എന്നാൽ സംസ്ഥാന സമ്മേളനത്തിന് തൊട്ടുമുമ്പ് നടന്ന സംസ്ഥാന നിർവാഹകസമിതി യോഗത്തിൽ ഇതിനെതിരെ സംഘടിതവിമർശനമുയർന്നു. സമ്മേളനത്തിൽ ഒരു വിഭാഗം മത്സരത്തിന് കരുക്കൾ നീക്കുന്നതിന്റെ സൂചനയായി ഇത് വ്യാഖ്യാനിക്കപ്പെട്ടു. എൺപതിലേക്കെത്തുന്ന മുതിർന്ന നേതാവ് സി. ദിവാകരൻ പതിവിന് വിരുദ്ധമായി പൊട്ടിത്തെറിച്ചു. തന്നെ ആർക്കും ഒതുക്കാനാവില്ലെന്നും സെക്രട്ടറിസ്ഥാനത്ത് ഒരാൾതന്നെ തുടരാൻ എന്തിന് ആക്രാന്തമെന്നും മറ്റും അദ്ദേഹം പരസ്യമായി മാദ്ധ്യമങ്ങളോട് പറഞ്ഞത് പാർട്ടിക്കകത്ത് വലിയ ചർച്ചയായി.
കമ്മ്യൂണിസ്റ്റ് സംഘടനാസംവിധാനത്തിന് നിരക്കാത്ത വിധത്തിലുള്ള പ്രതികരണമായതോടെ ആർക്കും ഇതിനോട് യോജിക്കാനാവാത്ത നിലയായി. സംസ്ഥാനസമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനനഗരിയിൽ പതാക ഉയർത്തിയ മുതിർന്ന നേതാവ് സി. ദിവാകരനെതിരെ പാർട്ടിക്കകത്ത് വിമർശനമുയർന്നു. അദ്ദേഹം പിന്നീട് മയപ്പെട്ടു.
പ്രായപരിധി നിബന്ധന നടപ്പാക്കാൻ അനുവദിക്കില്ലെന്ന ശക്തമായ പ്രചാരണമാണ് തിരുവനന്തപുരം സമ്മേളനത്തിന് തൊട്ടുമുമ്പുവരെ സി.പി.ഐക്കകത്ത് ശക്തം. മത്സരം നടക്കുമെന്നും അങ്ങനെയായാൽ സി.പി.ഐയുടെ സംസ്ഥാനസമ്മേളന ചരിത്രത്തിൽ ഇത് ആദ്യത്തേതായിരിക്കുമെന്നും വിലയിരുത്തലുകളുണ്ടായി.
പക്ഷേ ഒന്നും സംഭവിച്ചില്ല. പ്രായപരിധി നിബന്ധന നടപ്പാക്കിയെടുത്തു സംസ്ഥാനസമ്മേളനം. ഇനി അത് പാർട്ടി കോൺഗ്രസ് അംഗീകരിച്ചാൽ മതി. വിവിധ സംസ്ഥാനങ്ങളിൽ ഇത് നടപ്പാക്കുന്നതിനെതിരെ വിമർശനമുയർന്നതായി പറയപ്പെടുന്നുണ്ട്. ഇപ്പോഴത്തെ സംസ്ഥാന ഔദ്യോഗിക നേതൃത്വം അത് തള്ളിക്കളയുകയാണ്. കേരള ഘടകം തന്നെയാണ് സി.പി.ഐയിലെ നിലവിലെ ഏറ്റവും വലിയ സ്വാധീനശക്തി എന്നിരിക്കെ, ഈ പ്രായപരിധി നിബന്ധന അതേപടി നടപ്പാക്കപ്പെടുമെന്ന് കരുതേണ്ടിയിരിക്കുന്നു.
ദേശീയ നേതൃത്വവും
കേരളവും
നിലവിലെ രാഷ്ട്രീയസാഹചര്യങ്ങളിൽ സി.പി.ഐയിൽ കേരള സംസ്ഥാന ഘടകത്തിന്റെ മേൽക്കൈ ശരിക്കും പ്രകടമാണ്. പാർട്ടി ജനറൽസെക്രട്ടറി ഡി. രാജ തമിഴ്നാട്ടുകാരനാണ്. അദ്ദേഹത്തിന്റെ നിലപാടുകളോടൊക്കെ കേരളഘടകത്തിന് വിയോജിപ്പുകളുണ്ടെന്ന് സംസാരമുണ്ട്. തൽക്കാലം അദ്ദേഹം തുടരാനാണ് സാദ്ധ്യത. പക്ഷേ പാർട്ടി തീരുമാനങ്ങളിൽ കേരള നേതൃത്വത്തിന്റെ സ്വാധീനമാകും ശക്തിയായി നിഴലിക്കുകയെന്ന് ഏറ്റവുമൊടുവിലത്തെ പ്രായപരിധി നിർദ്ദേശത്തിൽ വരെ വ്യക്തമാണ്.
ഡി. രാജയുടെ ഭാര്യ മലയാളിയായ ആനി രാജ സി.പി.ഐയുടെ ദേശീയ നിർവാഹകസമിതി അംഗമാണ്. അവർ സമീപകാലത്തായി കേരളത്തിലെ പൊലീസിന്റെ ചില വിവാദനടപടികളെ അതിനിശിതമായി വിമർശിച്ചപ്പോൾ അവരെ പച്ചയ്ക്ക് തള്ളിപ്പറഞ്ഞത് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ്. കാനം രാജേന്ദ്രനും ആനി രാജയും ദേശീയ നേതൃത്വത്തിൽ ഒരേ ഘടകങ്ങളിൽ പ്രവർത്തിക്കുന്നവരാണ്. എന്നിരുന്നാലും പരസ്യമായി തള്ളിപ്പറയുന്ന രീതിയൊക്കെ സി.പി.ഐയിൽ അത്ര സാധാരണമല്ല.
അത് മാത്രമോ, ഡി. രാജ ആനി രാജയെ പരോക്ഷമായി അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചപ്പോൾ അതിനെയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പത്രസമ്മേളനത്തിൽ തന്നെ പരസ്യമായി തള്ളിപ്പറഞ്ഞു. ജനറൽസെക്രട്ടറിക്കെതിരെ പരസ്യവിമർശനം നടത്തിയ സംസ്ഥാനസെക്രട്ടറിക്കെതിരെയും കീഴ്സമ്മേളനങ്ങളിൽ വിമർശനങ്ങളുയർന്നതാണ്. എന്നാൽ അതെല്ലാം നേതൃത്തിന്റെ ശക്തിപ്രഭാവത്തിൽ പെട്ട് ഒലിച്ചുപോയി. ദിവാകരൻ കേട്ട പഴി കാനം രാജേന്ദ്രന് കേൾക്കേണ്ടിവന്നില്ല.
സി.പി.ഐ പാർട്ടി
കോൺഗ്രസിലേക്ക്
കടക്കുമ്പോൾ
സി.പി.ഐ അതിന്റെ ശതാബ്ദി കൊണ്ടാടാൻ പോകുകയാണ്. 2025ൽ. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിലെ നരേന്ദ്രമോദി ഭരണകൂടത്തെ നിഷ്കാസിതരാക്കിയതിന്റെ ആഘോഷം കൂടിയായി ശതാബ്ദിയെ മാറ്റുമെന്നാണ് ജനറൽസെക്രട്ടറി ഡി. രാജയുടെ പ്രഖ്യാപനം. അതിനവർക്ക് കേരളം നിർണായകമാണ്. സി.പി.ഐ കേരളത്തിൽ നിന്ന് നാല് സീറ്റുകളിലാണ് മത്സരിക്കുക. അതിൽ രണ്ട് സീറ്റുകളെങ്കിലും പിടിക്കണം. സി.പി.എമ്മിന് പരമാവധി കിട്ടണം. ഇടതുമുന്നണിക്ക് പത്തിനും പതിനഞ്ചിനുമിടയിൽ സീറ്റുകൾ പിടിക്കാൻ പറ്റുമോയെന്നതും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ആകാംക്ഷാഭരിതമാക്കുന്നുണ്ട്.
തിരഞ്ഞെടുപ്പിലടക്കം സി.പി.ഐക്ക് ആളും അർത്ഥവും ഉറപ്പാക്കാൻ പ്രധാനമായും സഹായിക്കേണ്ടത് കേരളഘടകമാണ്. തിരുവനന്തപുരം സംസ്ഥാനസമ്മേളനത്തിൽ ദേശീയനേതൃത്വം പാർട്ടിയെ വളർത്താൻ എന്തുചെയ്തു എന്നൊക്കെ വിമർശനമുയർന്നത് യാദൃശ്ചികമായി കരുതാനാവില്ല.
കേരളത്തിന്റെ സ്വാധീനം അതിനാൽ ഡി. രാജയ്ക്കും നിർണായകം തന്നെയാണ്. സി.പി.ഐയിൽ കാനം രാജേന്ദ്രൻയുഗം ആരംഭിച്ച ശേഷം തുടർഭരണമുൾപ്പെടെ സംഭവിച്ചത് കൊണ്ടുകൂടിയാവണം പാർട്ടിക്ക് ഒരു ബലമുണ്ടായിട്ടുണ്ട്. സംഘടന വളർന്നുവെന്ന് കാനം കണക്കുകളിലൂടെ അറിയിച്ചു. അതുകൊണ്ട് തത്‌കാലം കാനം തന്നെയാകും സി.പി.ഐയുടെ പ്രധാന സ്വാധീനശക്തിയെന്ന് എല്ലാവരും തിരിച്ചറിയുന്നു, ഇസ്മായിലും ദിവാകരനും ഉൾപ്പെടെ.