
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്.പൊതു തിരഞ്ഞെടുപ്പുകളിലൊന്നും ഇതുവരെ മത്സരിച്ചിട്ടില്ല. ആദ്യമായി വോട്ട് ചെയ്തത് പോലും കഴിഞ്ഞ തവണയാണ്. എന്നിട്ടും സിനിമയിൽ രണ്ട് തവണ പഞ്ചായത്ത് പ്രസിഡന്റും ഒരു തവണ പഞ്ചായത്ത് മെമ്പറുമായി"-മത്സരം പോലും നേരിടാതെ രണ്ടാം തവണയും പ്രസിഡന്റായതിന്റെ സന്തോഷത്തിലാണ് നടി വീണാ നായർ.
കോട്ടയം ഒളശ്ശ എന്ന സ്ഥലത്താണ് വീണ ജനിച്ചത്. അച്ഛൻ, അമ്മ, സഹോദരൻ, അച്ഛന്റെ അമ്മ എന്നിവരടങ്ങുന്ന കുടുംബം.നാലാം വയസിൽ നൃത്തം അഭ്യസിച്ചു തുടങ്ങിയ വീണ ഭരതനാട്യത്തിനും കേരള നടനത്തിലും പ്രാവീണ്യം നേടി.നർത്തകിയായ നടിക്ക് പരമ്പരകളിലും തുടർന്ന് സിനിമകളിലും അവസരങ്ങൾ വന്നു ചേർന്നു.
സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത'മേം ഹൂം മൂസ"യിലെ പഞ്ചായത്ത് പ്രസിഡന്റ് പങ്കജത്തിന്റെ വേഷം അവതരിപ്പിച്ച് വീണ്ടും തിളങ്ങുകയാണ് വീണ.
മേം ഹൂം മൂസയിലെ മുടിയിഴകൾ നരച്ച, മലപ്പുറം ശൈലിയിൽ സംസാരിക്കുന്ന പ്രസിഡന്റ് പി.പി പങ്കജം വലിയ ജനശ്രദ്ധയാണ് നേടിയത്. 2014ൽ റിലീസ് ചെയ്ത തന്റെ ആദ്യ ചിത്രം വെള്ളിമൂങ്ങയിൽ വീണ പ്രേക്ഷകർക്ക് മുന്നിലെത്തിയത് പഞ്ചായത്ത് പ്രസിഡന്റായിട്ടായിരുന്നു. രണ്ടും സംവിധാനം ചെയ്തത് ജിബു ജേക്കബ് ആണെന്നത് മറ്റൊരു കൗതുകം. അതുകൊണ്ട് തന്നെ ഒരേ സംവിധായകന്റെയും ടീമിന്റെയും കൂടെ വീണ്ടും ഒന്നിച്ചപ്പോൾ വെള്ളിമൂങ്ങയുടെ ചിത്രീകരണമാണ് ഓർമയിൽ വന്നതെന്ന് വീണ പറയുന്നു.
ചിത്രത്തിൽ പ്രസിഡന്റ് പങ്കജത്തിനൊരു പ്രസംഗമുണ്ട്. മലപ്പുറം ശൈലിയിൽ ആ പ്രസംഗം അവതരിപ്പിക്കാൻ താൻ വലിയ പരിശ്രമം നടത്തിയതായി വീണ പറഞ്ഞു .
'സുരേഷേട്ടനോടൊപ്പം(സുരേഷ് ഗോപിൗ2) ആദ്യമായാണ് സ്ക്രീൻ പങ്കിടുന്നത്. അതിന്റെ ഒരു ഭയം ഉള്ളിൽ തോന്നിയിരുന്നു. എന്നാൽ അദ്ദേഹം വളരെ ഫ്രണ്ട്ലി യായി ഇടപഴകിയപ്പോൾ അത് മാറി." സുരേഷ് ഗോപിയുമായി നേരിട്ട് ഒരു രംഗം മേം ഹൂം മൂസയിൽ വീണയ്ക്കുണ്ട്. സീൻ കഴിഞ്ഞപ്പോൾ അദ്ദേഹം വന്ന് തന്നെ അഭിനന്ദിച്ചത് അവാർഡിനേക്കാൾ വലുതായാണ് കരുതുന്നത്.
' ഇരുപത്തഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും വെള്ളിമൂങ്ങയിലെ പ്രസിഡന്റ് വേഷം തന്നെയാണ് ഇപ്പോഴും പ്രേക്ഷകർ ഓർത്തിരിക്കുന്ന റോൾ. സിനിമ പ്രേമികൾ നെഞ്ചിലേറ്റിയ കഥാപാത്രമാണത്. പി. പി പങ്കജത്തേയും ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു എന്നറിയുന്നതിൽ സന്തോഷമുണ്ട്.
അതിനെനിക്ക് നന്ദി പറയാനുള്ളത് ജിബു ചേട്ടനോടും ഭാര്യ ബോബി ചേച്ചിയോടുമാണ്. ഗുരു തുല്യനായി കരുതുന്നത് കൊണ്ടാകാം ജിബു ചേട്ടനോട് നേരിട്ട് സംസാരിക്കാൻ ഇപ്പോഴും ഭയമാണ്.'തട്ടീം മുട്ടീം" എന്ന പരമ്പര കണ്ട് ബോബി ചേച്ചിയാണ് എന്നെ വെള്ളിമൂങ്ങയിലേക്ക് തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. അങ്ങനെയാണ് മലയാള സിനിമയിലേക്കുള്ള രംഗപ്രവേശം. ചിത്രീകരണ സമയം ഓരോ രംഗം അഭിനയിച്ചു കഴിയുമ്പോഴും മോണിറ്ററിൽ പോയി നോക്കാറുണ്ട്. എന്നാൽ ജിബു ചേട്ടനോടൊപ്പം ചെയ്ത ആദ്യരാത്രി ഉൾപ്പെടെയുള്ള മൂന്നു സിനിമകളിലും ഞാൻ മോണിറ്ററിൽ പോയി നോക്കിയിട്ടില്ല. ഡബ്ബിംഗ് സമയമാണ് എന്റെ അഭിനയം ഞാൻ കാണുന്നത്. കാരണം ജിബു ചേട്ടൻ എടുക്കുന്ന ഓരോ ഷോർട്ടും പെർഫെക്ട് ആയിരിക്കും എന്ന വിശ്വാസം എനിക്കുണ്ട്". വെള്ളരിപട്ടണം എന്ന ചിത്രത്തിലാണ് പഞ്ചായത്ത് മെമ്പറായി അഭിനയിച്ചത്. വീണ പറഞ്ഞുനിർത്തി.മകൻ ധൻവ്വിനോടൊപ്പം കൂടുതൽ സമയം ചിലവിടാനിഷ്ടപ്പെടുന്ന വീണയിപ്പോൾ നിർമ്മാതാവാൻ ഒരുങ്ങുകയാണ്.