
അതുൽ
ഒരു നാടൻ പാട്ടിനെ അതിന്റെ ആത്മാംശം ചോർന്നു പോകാതെ ഏവർക്കും ആസ്വദിക്കാനാവും വിധം മാറ്റം വരുത്തി ശ്രോതാക്കൾക്ക് പ്രിയങ്കരമാക്കിയതാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവയിലെ 'പാലാപ്പള്ളി തിരുപ്പള്ളി "എന്നു തുടങ്ങുന്ന ഹിറ്റ് ഗാനത്തിന്റെ കഥ.പുലയ സമുദായാംഗങ്ങൾക്കിടയിൽ മരണാനന്തര ചടങ്ങിന്റെ ഭാഗമായി കുളി കെട്ടുക എന്നൊരു ആചാരമുണ്ട്. ആ വേളയിൽ പാടിയിരുന്ന ഒരു നാടൻപാട്ടാണ് ഇന്ന് നമ്മുടെ സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം തരംഗമായിരിക്കുന്ന പാലാപ്പള്ളി എന്നു തുടങ്ങുന്ന പാട്ട്. പതിറ്റാണ്ടുകളായി പഴയ പാട്ടിന് പിന്നാലെ സഞ്ചരിക്കുന്ന നാണു ആശാൻ കണ്ടെത്തിയ 'അയ്യാലയ്യ പടച്ചോനേ, ഒരയ്യൻ നിലവിളി കേൾക്കുന്ന വീരാഞ്ചുമ്മേല ചാളേന്ന്" എന്ന ഈ നാടൻ പാട്ടാണ് 'പാലാപ്പള്ളി തിരുപ്പള്ളിയായി" പുതിയ രൂപം പൂണ്ടത്.
നൂറ്റാണ്ടുകളായി ഇവിടെയൊക്കെയുണ്ടായിരുന്ന ഒരു പാട്ട് എപ്പോഴാണ് ഒരു നാടിന്റെ തരംഗമാകുന്നത് എന്നൊന്നും ഒരിക്കലും പ്രവചിക്കാൻ കഴിയുകയില്ല. അവയിൽ ചിലത് നമ്മുടെയൊക്കെ ഉള്ളിന്റെയുള്ളിൽ കയറിക്കൂടും.പാലാപ്പള്ളിയുടെ സംഗീത സംവിധായകൻ ജേക്ക്സ് ബിജോയ് പറയുന്നതിങ്ങനെ:-
'ഫോക്ക്ലോർ എന്ന വിഭാഗം എല്ലാ മനുഷ്യന്റെയും ഉള്ളിലുള്ളതാണ് . ഇന്നത്തെ കാലത്ത് ആളുകൾക്ക് ഇഷ്ടപ്പെട്ടതും ആസ്വദിക്കാൻ പറ്റുന്നതുമായ പാട്ടുകളുടെ എണ്ണവും വളരെ കുറഞ്ഞുകൊണ്ടിരിക്കുന്നതിനാൽ സംഗീതവുമായി ബന്ധപ്പെട്ട ഒരുപാട് പരീക്ഷണങ്ങൾ ഇനിയും നടത്തണമെന്നുണ്ട്.
മരണാനന്തര ചടങ്ങിൽ സമുദായാചാരമായി പാടുന്ന ഒരു പാട്ട്സിനിമയിലേക്ക് രൂപമാറ്റം വരുത്തി ഉപയോഗിച്ചപ്പോൾ ആളുകൾ അത് ഏറ്റെടുക്കുകയും ആഘോഷമാക്കുകയും ചെയ്തു. വലിയ സ്വീകാര്യതയും കിട്ടി. ഈ പാട്ട് എന്റെ മുന്നിലെത്തിച്ച അതുലിനോടും നാണുവാശാനോടും ഒരുപാട് നന്ദി പറയാനുണ്ട്. ഈ പാട്ടിന്റെ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ വളരെയധികം അഭിമാനമുണ്ട്. കൂടുതൽ ജനകീയമായ നാടൻ രൂപത്തിലേതും അല്ലാത്തതുമായ അടിച്ചുപൊളി പാട്ടുകൾ ചെയ്യണമെന്നാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്."
കലോത്സവ വേദികളിലും സാന്നിദ്ധ്യമായിരുന്ന ഈ പാട്ടിനെ സിനിമയിലെത്തിച്ചത് സോൾ ഓഫ് ഫോക്കിന്റെ അമരക്കാരനായ അതുൽ നറുകരയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി നാടൻപാട്ട് വേദികളിലെ ചിരപരിചിതമുഖമാണ് ഈ ചെറുപ്പക്കാരൻ. കേവലവിനോദത്തിനപ്പുറം, നാടൻ പാട്ടിനെ ജീവാത്മാവായി കാണുന്ന മലപ്പുറം സ്വദേശിയാണ് അതുൽ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെയാണ് അതുൽ ഫോക്ക് ലോർ സ്റ്റഡീസ് ജയിച്ചത്. 'പാലാപ്പള്ളി"യുടെ ഗായകനും സോൾ ഓഫ് ഫോക്ക്സിന്റെ സൃഷ്ടാവുമായ അതുൽ നറുകര പറയുന്നു :-
'ഞങ്ങളുടെ നാട്ടിലെ നാണുച്ചേട്ടനും കബനി കലാസംഘാംഗങ്ങളുമാണ് ഈ പാട്ടുകൾ കണ്ടെത്തി പ്രചരിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത്. ഫോക്ക്ലോർ പഠനത്തിലെ എന്റെ ആശാനാണ് നാണുച്ചേട്ടൻ. അദ്ദേഹമാണ് ഈ പാട്ട് എനിക്ക് പറഞ്ഞു തന്നത്. പാട്ട് ഇത്രയും ഹിറ്റ് ആകുമെന്നൊന്നും കരുതിയിരുന്നില്ല. ജനങ്ങൾ അത് ഏറ്റെടുത്ത് പാടുന്നതു കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട്.
ആത്മാവ് പോകാതെ നാടൻപാട്ടുകൾ പാടികഴിഞ്ഞാൽ മികച്ചതായി മാറും. പാലാപ്പള്ളി ഇത്രയും ഹിറ്റാകുമ്പോഴുള്ള ഏറ്റവും വലിയ സന്തോഷം പാട്ടിന്റെ ആത്മാവ് നഷ്ടപ്പെട്ടിട്ടില്ല എന്ന് ആളുകൾ പറയുമ്പോഴാണ്. എത്ത്നിക് ആയിട്ടുള്ളതും ഫോക് ഉപകരണങ്ങളും പാട്ടിനായി ഞങ്ങൾ ഉപയോഗിച്ചിട്ടുണ്ട്."
നമ്മുടെ നാട്ടിലെ ഓരോ പ്രദേശത്തിന്റെയും തൊഴിലിന്റെയും അടിസ്ഥാനത്തിൽ കഥ പറയുന്ന വായ്മൊഴി പാട്ടുകളാണല്ലോ നാടൻ പാട്ടുകൾ. പല പല ശീലുകളിൽ അവയെല്ലാം പാടി അവതരിപ്പിച്ച് അടുത്ത തലമുറയ്ക്ക് പകർന്നു കൊടുത്തിരുന്നതാവട്ടെ അന്നത്തെ സാധാരണക്കാരായ ജനങ്ങളും.
അതുൽ നറുകരയുടെയും സംഘത്തിന്റെയും, ശ്രീഹരി തറയിൽ, സന്തോഷ് വർമ്മ എന്ന എഴുത്തുകാരുടെയും ജേക്ക്സ് ബിജോയ് എന്ന സംഗീത സംവിധായകന്റെയും കൂട്ടായ്മയുടെ വിജയമാണ് 'പാലാപ്പള്ളി". സിനിമയുടെ ഗതിനിർണയിക്കുന്ന ഈ പാട്ട് പാടി സിനിമയിൽ അഭിനയിച്ചിരിക്കുന്നത് അതുൽ നറുകരയുടെ നേതൃത്വത്തിലുള്ള മഞ്ചേരി നറുകരയിലെ സോള് ഓഫ് ഫോക്ക് സംഘമാണ്. മൂന്നുവർഷം മുമ്പാണ് അതുൽ നറുകരയുടെ നേതൃത്വത്തിൽ സോൾ ഓഫ് ഫോക്ക് സംഘം രൂപമെടുക്കുന്നത്. പ്രജിൻ തിരുവാലി, നിലീഷ്, സുഭാഷ് നറുകര, പി .കെ .അഭിനവ്, ജിബിൻ രാജ്, സി. ബിനൂപ്, ശ്രീഹരി മങ്ങാട്ട്, എം. നീരജ്, ഷിജിൻ കാളികാവ്, സഞ്ജയ്, ടി .കെ .നിരഞ്ജൻ, സായൂജ് .എസ് .ബാബു എന്നിവരാണ് സോൾ ഓഫ് ഫോക്ക്സിന്റെ ശബ്ദവും താളവുമാകുന്നത്.