
തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലഹരിവിരുദ്ധാചരണത്തിന്റെ ഭാഗമായി ദീപാവലി ദിനമായ ഒക്ടോബർ 24ന് ലഹരിക്കെതിരെ വിളക്ക് തെളിക്കണമെന്ന് വകുപ്പിന്റെ നിർദ്ദേശം.ദീപാവലി ദിവസം സ്കൂൾ തലത്തിലോ വീടുകളിലോ ലഹരിക്കെതിരായ ദീപം തെളിച്ച് സോഷ്യൽ മീഡിയ ക്യാമ്പെയിനാക്കി മാറ്റാമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിലുള്ളത്. സെലിബ്രിട്ടീസിനെയോ,ജനപ്രതിനിധികളെയോ മോട്ടിവേഷണൽ സ്പീക്കർമാരെയോ ക്ഷണിക്കാമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. 30, 31 തീയതികളിൽ സ്കൂളുകളിലും പരിസരത്തും വിളംബരജാഥ സംഘടിപ്പിക്കണം.ലഹരിക്കെതിരെയുള്ള തീവ്രയഞ്ജ ക്യാമ്പെയിനിന്റെ ആദ്യഘട്ട പ്രവർത്തന സമാപനമെന്ന നിലയിൽ നവംബർ ഒന്നിന് വിദ്യാർത്ഥികളെയും രക്ഷാകർത്താക്കളെയും പൊതുജനങ്ങളെയും അദ്ധ്യാപകരെയും പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ ശൃംഖല രൂപീകരിക്കണമെന്നും പ്രതീകാത്മക ലഹരി ഉത്പന്നങ്ങളുടെ കുഴിച്ചുമൂടൽ,കത്തിക്കൽ എന്നിവ സംഘടിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.