photo

മെഡിക്കൽ രംഗത്ത് മാത്രമല്ല പാരാമഡിക്കൽ മേഖലയിലും സ്പെഷ്യലൈസേഷന്റെ കാലമാണിത്. പൊതുവായ നഴ്‌സിംഗ് പഠനത്തിനൊപ്പം വിവിധ മെഡിക്കൽ മേഖലകളിൽ പ്രത്യേക പ്രാധാന്യം നൽകിയുള്ള നഴ്‌സിംഗ് പഠനവും ഇനി ആവശ്യമാണ്. നഴ്‌സിംഗ് പഠനം നേടിയവർ കേരളത്തിൽ നിന്ന് വർഷങ്ങൾക്ക് മുമ്പേ ജർമ്മനിയിലേക്കും മറ്റ് വിദേശരാജ്യങ്ങളിലേക്കും പോയിരുന്നു. അവരുടെ സേവനമാകട്ടെ കേരളത്തിൽ നിന്നുള്ള നഴ്സുമാർക്ക് വലിയ അംഗീകാരമാണ് നേടിക്കൊടുത്തത്. ഇതൊരു അവസരമായി പ്രയോജനപ്പെടുത്താൻ കേരളം ഭരിച്ചിരുന്ന ആർക്കും കഴിഞ്ഞില്ല. നഴ്‌സിംഗ് പഠനത്തിനുള്ള അവസരം വർഷങ്ങളോളം സർക്കാർ മേഖലയിൽ മാത്രമായിരുന്നു. സർക്കാരാകട്ടെ നഴ്‌സിംഗ് കോളേജുകളുടെ എണ്ണം കൂട്ടിയതുമില്ല. സ്വകാര്യ മേഖലയിൽ നഴ്‌സിംഗ് പഠനം അനുവദിക്കാനുള്ള നീക്കം തുടങ്ങിയപ്പോൾ വിദ്യാർത്ഥി സംഘടനകളും അതിനെ ശക്തിയുക്തം എതിർത്തിരുന്നു. പിന്നീട് മെഡിക്കൽ കോളേജ് പോലും സ്വകാര്യ മേഖലയിലാവാം എന്ന നിലവന്നപ്പോഴാണ് സ്വകാര്യ മേഖലയിലും നഴ്‌സിംഗ് പഠനം വന്നത്.

കേരളത്തിൽ ഒരുവർഷം പാസാകുന്ന നഴ്സുമാരുടെ എണ്ണം 9841 ആണ്. ഇത് ഏറ്റവും കുറഞ്ഞത് മൂന്നിരട്ടിയായെങ്കിലും വർദ്ധിപ്പിക്കാൻ വേണ്ട നടപടികൾ സർക്കാരിൽ നിന്നുണ്ടാകണം. കൊവിഡിന്റെ വരവിനെത്തുടർന്ന് പലരാജ്യങ്ങളും ആരോഗ്യമേഖല ശക്തിപ്പെടുത്തുന്നതിന് അവരുടെ ജി.ഡി.പിയുടെ വലിയൊരു വിഹിതം മാറ്റിവച്ചിരിക്കുകയാണ്. അതിനാൽ ലോകത്തൊട്ടാകെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ധാരാളം തൊഴിലവസരങ്ങൾ ഉണ്ടായിവരും. ഇത് മുൻകൂട്ടിക്കണ്ട് നഴ്‌സിംഗ് പഠനം വ്യാപകമാക്കാനുള്ള തീരുമാനമാണ് സർക്കാരിൽനിന്ന് ഉണ്ടാകേണ്ടത്. കൊവിഡിന് ശേഷം 23,000 നഴ്‌സുമാർ കേരളം വിട്ടതായി മുഖ്യവാർത്തയിൽ ഞങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന ജീവിതനിലവാരം തേടിയാണ് അവർ യൂറോപ്പിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും പോകുന്നത്. അതിന് ആരെയും കുറ്റം പറയാനാകില്ല. ഒന്നാമത് ഇവിടത്തെ സേവന വേതന വ്യവസ്ഥകൾ ആകർഷകമല്ലെന്ന് മാത്രമല്ല കുറവുമാണ്. വായ്‌പയെടുത്ത പണം തിരിച്ചടയ്ക്കാനും ജീവിതച്ചെലവ് നടത്താനും പലരും ബുദ്ധിമുട്ടുന്നുണ്ടെന്നത് വസ്തുതയാണ്. നഴ്സ് ക്ഷാമം രൂക്ഷമായ സ്ഥിതിക്ക് സർക്കാരും ദിവസവേതനത്തിന് നിയമിക്കുന്ന നഴ്‌സുമാരുടേയും മറ്റും ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്ന കാര്യവും പരിഗണിക്കേണ്ടതാണ്. അവരുടെ മറ്റ് ന്യായമായ ആവശ്യങ്ങളും പരിഹരിക്കാൻ സർക്കാർ തയ്യാറാവണം. സർക്കാർ, സ്വകാര്യ മേഖലകളിൽ ജനറൽ, ബി.എസ്‌സി നഴ്‌സിംഗ് പഠനം വ്യാപകമാക്കിയില്ലെങ്കിൽ രണ്ടുവർഷത്തിനുള്ളിൽ നഴ്‌സുമാരില്ലാതെ ആശുപത്രികൾ പൂട്ടേണ്ടിവരുമെന്ന് ഐ.എം.എ തിരുവനന്തപുരം മുൻ പ്രസിഡന്റ് ഡോ. ജോൺ പണിക്കർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാൽ സർക്കാർ മേഖലയിൽ താലൂക്കാശുപത്രികളിലും സ്വകാര്യ മേഖലയിൽ 30-50 കിടക്കകളിലുള്ള ആശുപത്രികളിലും നഴ്‌സിംഗ് കോഴ്സ് തുടങ്ങാനുള്ള തീരുമാനമാണ് ഉണ്ടാകേണ്ടത്. കേരളത്തിൽ ആവശ്യത്തിന് സീറ്റില്ലാത്തതിനാൽ വൻ ഫീസ് കൊടുത്ത് ഒട്ടേറെ കുട്ടികൾ അന്യസംസ്ഥാനങ്ങളിൽ ഫിസിയോതെറാപ്പിയും പാരാമെഡിക്കൽ കോഴ്സുകളും പഠിക്കാൻ പോകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇതിനും മാറ്റമുണ്ടാകണം. ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് ബ്രിട്ടനിൽ തൊഴിൽ കുടിയേറ്റം സാദ്ധ്യമാക്കാൻ സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പിട്ട സാഹചര്യത്തിൽ പ്രത്യേകിച്ചും വലിയ മാറ്റങ്ങൾ അനിവാര്യമാണ്.